abortion

കൊച്ചി: പീഡനത്തെത്തുടർന്ന് ആറുമാസം ഗർഭിണിയായ പതിന്നാലുകാരിക്ക് അബോർഷൻ നടത്താൻ ഹൈക്കോടതി അനുമതി. 20 ആഴ്ചയിലേറെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ നിലവിലെ നിയമം അനുവദിക്കാത്തതിനാൽ അബോർഷന് അനുമതി തേടി പതിനാലുകാരിയുടെ പിതാവ് നൽകിയ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. അബോർഷൻ നടത്താനുള്ള കാലാവധി രാജ്യത്ത് നിയമംമൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഗർഭഛിദ്രത്തിന് തയ്യാറാണെന്ന പെൺകുട്ടിയുടെ നിലപാട് മെഡിക്കൽ ബോർഡ് പരിശോധന നടത്തി അംഗീകരിച്ച സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗർഭധാരണത്തിൽ തീരുമാനമെടുക്കാനുള്ള പെൺകുട്ടിയുടെ അവകാശം ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെന്നും ഹൈക്കോടതി പറഞ്ഞു.

വിവാഹിതനൊപ്പം ഒളിച്ചോടിയ 14 കാരിയെ മംഗലാപുരത്തുനിന്ന് അഞ്ചുമാസം കഴിഞ്ഞാണ് പൊലീസ് കണ്ടെത്തിയത്. ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. എന്നാൽ മകളുടെ അബോർഷന് അനുമതി തേടി സെഷൻസ് കോടതിയെ പിതാവ് സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്നാണ് ഹർജി ഹൈക്കോടതിയിലെത്തിയത്. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിച്ചത്.

പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്തുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്നതടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഗർഭാവസ്ഥ തുടരുന്നത് പെൺകുട്ടിയുടെ ജീവനു ഭീഷണിയായതിനാൽ എത്രയും വേഗം അബോർഷൻ നടത്തണമെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കണക്കിലെടുത്ത് രണ്ടു ദിവസത്തിനുള്ളിൽ നടപടിയെടുക്കാനാണ് വിധിയിൽ പറയുന്നത്. ആറു മാസത്തിലേറെ വളർച്ചയുള്ള സാഹചരത്തിൽ അബോർഷൻ നടത്തിയാലും കുഞ്ഞിന് ജീവനുണ്ടാകാൻ സാദ്ധ്യത ഉണ്ടെന്നും അത്തരമൊരു സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് നിർദ്ദേശിക്കണമെന്നും മെഡിക്കൽ ബോർഡ് ആവശ്യപ്പെട്ടിരുന്നു. അബോർഷനെത്തുടർന്ന് പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടാൽ അതിന്റെ ആരോഗ്യ സംരക്ഷണത്തിന് സാദ്ധ്യമായ നടപടികൾ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ക്രിമിനൽ കേസ് നിലവിലുള്ളതിനാൽ ഗർഭസ്ഥ ശിശുവിന്റെ കോശങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് സൂക്ഷിക്കണമെന്നും വിധിയിൽ പറയുന്നു.