
കോട്ടയം: സൗജന്യ റേഷൻ അരിയിൽ അളവിൽ തട്ടിപ്പ് നടക്കുന്നതായ പരാതിയെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ കോട്ടയം ജില്ലയിൽ മിന്നൽ പരിശോധന നടത്തി. ഇന്ന് രാവിലെ റേഷൻ കടകളിൽ കയറിയിറങ്ങിയ സംഘത്തിന് ആരെയും പിടികൂടാൻ സാധിച്ചില്ല. ഇന്നലെ തോട്ടയ്ക്കാട് അമ്പലക്കവലയിലെ 83-ാം നമ്പർ കടയിൽ അളവിൽ കൃത്രിമം കാട്ടിയ കടയുടമയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.
കടയിൽ നിന്നും റേഷൻ വാങ്ങി പോയവരുടെ അരിയും മറ്റും തിരിച്ചുവാങ്ങി ഇതേ കടയിൽ തൂക്കിയപ്പോൾ രണ്ടും മൂന്നും കിലോയുടെ കുറവാണ് കണ്ടെത്തിയത്. ഇതോടെയാണ് കടയുടെ ലൈസൻസ് റദ്ദാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.