ബാലരാമപുരം: നാട്ടിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ വീണ്ടും സ്വയം തൊഴിലിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് പ്ലാവിള സുകുമാരവിലാസത്തിൽ രാജശേഖരൻ. അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാർക്കുള്ള മാസ്ക് നിർമ്മാണത്തിൽ വ്യാപൃതനാണ് ഇപ്പോൾ ടെയിലർ രാജശേഖരൻ. പത്ത് വർഷം മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ജീവനക്കാരനായതിനുശേഷം തന്റെ സിറ്റിമാൻ തയ്യൽക്കട നടത്തിപ്പിന്റെ ചുമതല ഭാര്യ ശ്രീകലക്ക് കൈമാറിയിരുന്നു. നാട്ടിൽ മാസ്ക് ക്ഷാമം ഉണ്ടാകാതിരിക്കാൻ വിശ്രമമില്ലാതെ മാസ്ക് നിർമ്മിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ജോലിയുടെ തിരക്കിലാണ് രാജശേഖരൻ. പബ്ലിക് ഓഫീസ്, ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ, ബാലരാമപുരം ജനമൈത്രി പൊലീസ് എന്നിവർക്കാവശ്യമായ മാസ്ക് നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ആവശ്യക്കാർ കടയിലെത്തിയാൽ ലഭ്യതയ്ക്കനുസരിച്ച് സൗജന്യമായി മാസ്ക് നൽകുമെന്ന് രാജശേഖരൻ പറഞ്ഞു.