arjunan-master

കൊച്ചി: വരികളിൽ ഈണം ചാലിച്ച് മലയാളിയുടെ തിലകക്കുറിയായ അതുല്യ സംഗീത സംവിധായകൻ എം.കെ അർജുനൻ മാസ്റ്റർ ഇനി ഓർമ്മ. പള്ളുരുത്തി പൊതുശ്മശാനത്തിലെ അഗ്നിനാളങ്ങൾ ദേഹം ഏറ്റുവാങ്ങി. പൂർണ സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടർ എസ്. സുഹാസ് അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ആദരം അർപ്പിച്ച് കൊണ്ടുള്ള ഗൺ സല്യൂട്ടിന് ഉണ്ടായിരുന്നില്ല. പകരം, പകരം ബ്യൂഗിൾ ശബ്ദം നൽകിയായിരുന്നു ആദരം.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അർജുനൻ മാസ്റ്ററുടെ അന്ത്യം. വിവരം അറിഞ്ഞ് ജില്ലയിൽ നിന്നും നിരവധിപ്പേർ പള്ളുരുത്തിയിലെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ, കർശന സുരക്ഷ ഒരുക്കിയാണ് ആളുകളെ അന്ത്യോമപചാരം അർപ്പിക്കാൻ പൊലീസ് കടത്തി വിട്ടത്. കൂട്ടം കൂടി നില്ക്കാനോ പരിസരത്ത് തമ്പടിക്കാനോ ആരെയും അനുവദിച്ചിരുന്നില്ല.

ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് അർജുനൻ മാസ്റ്റർ. നാടകഗാനങ്ങൾ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അർജുനൻ 1968 ൽ കറുത്ത പൗർണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയിൽ സജീവമായത്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. രാജീവ് ആലുങ്കൽ രചിച്ച് അർജുനൻ മാസ്റ്റർ അവസാനമായ് ഹാർമോണിയത്തിൽ ഈണമിട്ട ചിത്രം കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച 'വെള്ളാരം കുന്നിലെ വെള്ളിമീനുകൾ' ആണ്. പള്ളുരുത്തിയിലെ വീട്ടിൽ വച്ച് കഴിഞ്ഞ വർഷമാണ് സംവിധായൻ കുമാർ നന്ദയുടെ നിർദ്ദേസാനുസരണം 'മുത്താരം കുന്നത്തെ' എന്ന പ്രണയ ഗാനത്തിനും, മറ്റൊരു ഭക്തി സാന്ദ്രമായ ക്രിസ്തീയ ഗാനത്തിനും മാസ്റ്റർ ഈണമിട്ടത്.