ksrtc

കണ്ണൂർ: ആനവണ്ടിയുടെ പടിയിറങ്ങാൻ കോടതി ഉത്തരവായിരുന്നു, കണ്ണീരോടെ അന്ന് പോയവരിൽ പലരും പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തി. പ്രായം തടസമായതോടെ നിസാര വേതനത്തിനായി പിടിച്ചു നിന്ന എം പാനലുകാർ ഇപ്പോൾ കടുത്ത ദാരിദ്ര്യത്തിലാണ്. പണിയില്ലാതായതോടെ അരിവാങ്ങാൻ ഗതിയില്ലാത്ത തൊഴിലാളികൾക്ക് സ്വകാര്യ ബസ് ഉടമകൾ ആയിരം രൂപ നൽകാനായി തീരുമാനിച്ചപ്പോൾ ഇവർ നിസഹായതയോടെ സർക്കാരിനെ നോക്കുകയാണ്.

ഉത്തര മലബാറിൽ നാട്ടിൻപുറങ്ങളിലെ റൂട്ടുകളിൽ പോലും സ്വകാര്യ ബസുകളിൽ 700 രൂപ കൂലിയുണ്ട്. ദേശീയപാതയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലൊക്കെ ഇത് ആയിരത്തി ഇരുന്നൂറോളമാണ്. കെ.എസ്.ആർ.ടി.സിയിലെ എം പാനലുകാർക്ക് 480 രൂപയാണ് നൽകുന്നത്. ഈ തുക ദൈനം ദിന ചെലവിന് പോലും തികയാത്തതിനിടെയാണ് കൊവിഡ് നൽകിയ ഈ ദുരിതം.

ബസ് ഉടമകളുടെ സംഘടന തൊഴിലാളികൾക്കും മറ്റുള്ളവർക്കും സൗജന്യ പാസ് നൽകിപ്പോൾ ഇവർ ജോലിയ്ക്ക് എത്താൻ സ്വന്തം കയ്യിൽ നിന്നും പണം മുടക്കണം. സ്വകാര്യ ബസുകളിലൊക്കെ നാട്ടിലുള്ളവർ ജോലി ചെയ്യുമ്പോൾ ഇവർക്ക് ഡിപ്പോകളിലെത്താൻ അൻപത്കിലോ മീറ്ററൊക്കെ സഞ്ചരിക്കേണ്ടി വരും. ഭക്ഷണവും കുടിവെള്ളത്തിനും വരെ ചിലവേറുമ്പോൾ ഒരു രൂപ പോലും ഇവർക്ക് ബാക്കിയുണ്ടാകാറില്ല.

നാലായിരത്തിൽ താഴെയുള്ള കണ്ടകർമാരും, ഡ്രൈവർമാരും, മിനിസ്റ്റീരിയൽ ജീവനക്കാരുമടക്കം സംസ്ഥാനത്തെ 15000 ഓളം പേർ ഈ അവസ്ഥയിലാണ്. ഇവരെ മാത്രം ആശ്രയിച്ച് കഴിയുന്നവരെ ചേർത്താൽ കാൽ ലക്ഷം കടക്കും ദുരിത ബാധിതരുടെ എണ്ണം. ഒരു ഡിപ്പോയും ഒരു സബ് ഡിപ്പോയും മാത്രമുള്ള കാസർകോട് ജില്ലയിൽ ഈ പ്രശ്നം നൂറ്റി അൻപതോളം പേരെ ബാധിക്കുന്നതായി ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി വി. ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു.

പുതുതായി പി.എസ്.സി വഴി ഡ്യൂട്ടിയിൽ കയറിയ തെക്കൻ ജില്ലക്കാരൊക്കെ മാർച്ച് ആദ്യം തന്നെ ജീവനും കൊണ്ട് നാട് വിട്ടപ്പോൾ വടക്കേ മലബാറിൽ 25 വരെ ബസ് നിയന്ത്രിച്ചത് ഇവരാണ്. തലപ്പാടി വഴി അതിർത്തി കടന്ന് ഗൾഫുകാരെ നാട്ടിലെത്തിക്കുമ്പോൾ ഒരു മാസ്ക് പോലും ഉണ്ടായിരുന്നില്ലെന്ന് ഒരു കണ്ടക്ടർ പറയുന്നു. 45 വയസിലെത്തിയതോടെ ഇദ്ദേഹത്തിന് മുന്നിൽ വേറെ വഴിയുമില്ല. പണ്ട് സ്വകാര്യ ബസുകളിൽ ജോലി ചെയ്തിടത്ത് നിന്നും കെ.എസ്.ആർ.ടി.സിയിൽ എം പാനലായി കയറിയവരുമുണ്ട്. ഗ്രാമീണ റൂട്ടുകളിൽ മത്സരിച്ച് വരുമാനം ഉണ്ടാക്കി കൊടുത്തതിനാൽ പലരോടും പഴയ ഉടമകൾക്ക് ശത്രുതയുമുണ്ട്. ഇതോടെയാണ് നിസാര വേതനത്തിന് പോലും ഇവിടെ ഉറച്ച് നിൽക്കുന്നത്. സ്ഥിരം ജീവനക്കാരേക്കാൾ ഏറെ ആത്മാർത്ഥത കാട്ടുന്നതും ഇവരാണെന്ന് യൂണിയൻ നേതാക്കളും പറയുന്നു,

മുൻഗണന പരിഗണിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ഷെഡ്യൂൾ മാത്രം ലഭിക്കുകയും ചിലപ്പോൾ ഡ്യൂട്ടി ലഭിക്കാതെ മടങ്ങേണ്ടിയും വരും. മെഷീൻ പലതും തകരാറായതോടെ റാക്ക് ഉപയോഗിക്കേണ്ടതും ദുരിതമാണ്. ചന്ദ്രഗിരി റൂട്ടിൽ നാൽപ്പത് മിനിട്ടിനിടെ 140 യാത്രക്കാരെ വരെ ഇവർ കൈകാര്യം ചെയ്യണം. ഇതിനിടെ ടിക്കറ്റ് പരിശോധനയ്ക്ക് ആളെത്തിയാലുള്ള തലവേദനയും ചില്ലറയല്ല.

മംഗളൂരു അന്തർ സംസ്ഥാന പാതയിലൊക്കെ ലിമിറ്റഡ് സ്റ്റോപ്പ് ബസിന് 32000 രൂപ വരെ വരുമാനം നേടിക്കൊടുക്കുന്നുണ്ട് ഇവർ. രാവിലെ 6 മുതൽ രാത്രി 10 വരെ ഡ്യൂട്ടി ചെയ്ത് ചരക്ക് ലോറിയിലാണ് ജില്ലയുടെ തെക്ക് ഭാഗത്തുള്ളവ‌ർ വീട്ടിലെത്തുക. ഇതിന് ഡബിൾ ഡ്യൂട്ടിയായി വേതനം ലഭിക്കുന്നുണ്ടെങ്കിലും നാട്ടിലെ നിർമ്മാണ തൊഴിലാളിയെ അപേക്ഷിച്ച് വളരെ കുറവാണ്. താത്കാലികക്കാരായ ഓഫീസ് ജീവനക്കാർ ടിക്കറ്റ് മെഷീൻ ചാർജ്ജ് ചെയ്യാൻ സ്ഥിരമായി ഇപ്പോഴും വന്ന് പോകുന്നുമുണ്ട്.

ലോക്ക് ഡൗൺ പിൻവലിച്ചാലും പകുതിയോളം ബസേ സർവീസിന് ഇറങ്ങൂ. ഇതിൽ സ്ഥിരം ജീവനക്കാരാകും ഉണ്ടാകുക. ഇതോടെ താത്കാലികക്കാരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.