കാലിഫോർണിയ: 50 ദശാബ്‌ദങ്ങളായി കാലിഫോർണിയയിലെ ലോംഗ് ബീച്ച് ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന ചരിത്ര പ്രസിദ്ധമായ ആർ.എം.എസ് ക്വീൻ മേരി എന്ന പടുകൂറ്റൻ കപ്പൽ വീണ്ടും വാർത്തകളിലിടം നേടുന്നു. ഇത്തവണ ലോകമൊട്ടാകെ അരങ്ങേറുന്ന കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ക്വീൻ മേരിയും അണിനിരക്കുന്നത്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തിൽ ക്വീൻ മേരിയെ താത്കാലിക ആശുപത്രിയാക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
കാലിഫോർണിയയിൽ കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ക്വീൻ മേരിയിൽ സജ്ജീകരിക്കാനാണ് ആലോചന. അമേരിക്കയിലെ മിക്ക ലൈബ്രറികളും ഹാളുകളുമെല്ലാം താത്കാലിക കൊവിഡ് ആശുപത്രികളായി മാറിക്കൊണ്ടിരിക്കുകയാണ്. യു.എസ് നേവിയുടെ രണ്ട് കപ്പലുകളും കഴിഞ്ഞാഴ്‌ച ആശുപത്രികളാക്കി മാറ്റിയിരുന്നു. 1936ൽ നീറ്റിലിറങ്ങിയ ക്വീൻ മേരി 50 വർഷത്തിലേറെയായി യാത്രകളിൽ നിന്നും വിരമിച്ചിരിക്കുകയാണ്.
നിലവിൽ ലോംഗ് ബീച്ചിലുള്ള ക്വീൻ മേരി ഹോട്ടലായും മ്യൂസിയമായുമാണ് പ്രവർത്തിക്കുന്നത്. നിരവധി ടൂറിസ്‌റ്റുകളുടെ ആകർഷണ കേന്ദ്രമായ ക്വീൻ മേരി അമേരിക്കയിലെ ചരിത്രഹോട്ടലുകളിലൊന്നാണ്. ബ്രിട്ടണിൽ നിർമിച്ച ക്വീൻ മേരി 1967ലാണ് അവസാനമായി യാത്ര നടത്തിയത്. ക്വീൻ മേരിയിൽ 300 ലേറെ മുറികളുണ്ട്. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലായിരുന്നു ക്വീൻ മേരി.
രണ്ടാം ലോകമഹായുദ്ധകാലത്ത് ട്രൂപ്പ് ഷിപ്പായി പ്രവർത്തിച്ചിട്ടുള്ള ക്വീൻ മേരി അന്ന് അറിയപ്പെട്ടിരുന്നത് ' ഗ്രേ ഗോസ്‌റ്റ് ' എന്നായിരുന്നു. ക്വീൻ മേരിയുടെ അപാര വേഗതയാണ് ഈ പേരിന് കാരണം. മറ്റൊരു രസകരമായ കാര്യം രണ്ടാം ലോകമഹായുദ്ധകാലത്ത് നിരവധി സൈനികരുടെ മരണത്തിന് സാക്ഷിയായ കപ്പലാണ് ക്വീൻ മേരി. അതുകൊണ്ട് തന്നെ ക്വീൻമേരിയെ പറ്റി പ്രേതക്കഥകളും ഒട്ടും കുറവല്ല. കാലിഫോർണിയയിൽ എത്തിയ നാൾ മുതലാണ് ക്വീൻ മേരിയെ ചുറ്റിപ്പറ്റിയുള്ള പ്രേതക്കഥകളുടെ തുടക്കം. 2008ൽ ടൈം മാഗസിന്റെ ലോകത്ത് പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ ക്വീൻ മേരിയുമുണ്ടായിരുന്നു.
കംഫർട്ടും മേഴ്‌സിയും
കൊവിഡ് പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ജനത്തിരക്ക് കുറയ്ക്കുന്നതിന് താത്കാലിക ആശുപത്രികളാക്കി മാറ്റാൻ യു.എസ് തിരഞ്ഞെടുത്ത രണ്ട് കപ്പലുകളാണ് യു.എസ്.എൻ.എസ് കംഫർട്ടും യു.എസ്.എൻ.എസ് മേഴ്‌സിയും.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് യു.എസ്.എൻ.എസ് കംഫർട്ട് എന്ന കപ്പൽ ന്യൂയോർക്ക് തീരത്ത് നങ്കൂരമിട്ടത്. നേവിയുടെ ഹോസ്‌പിറ്റൽ ഷിപ്പായ കംഫർട്ടിൽ 1,000 കിടക്കകളാണ് സജ്ജീകരിച്ചത്. ഒരു ഡസനോളം ഓപ്പറേറ്റിംഗ് റൂമുകൾ, മെഡിക്കൽ ലബോറട്ടി, ഫാർമസി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുള്ള കംഫർട്ട് 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ന്യൂയോർക്കിലെത്തുന്നത്. 1,200 ജീവനക്കാരുള്ള കംഫർട്ടിൽ കൊവിഡ് ബാധയില്ലാത്ത രോഗികളെയാണ് പരിചരിക്കുന്നത്. നിലവിൽ ന്യൂയോർക്കിലെ ആശുപത്രികളെല്ലാം കൊവിഡ് രോഗികളാൽ നിറഞ്ഞതിനാൽ മറ്റുള്ളവരെ ചികിത്സിക്കാനും അവർക്ക് രോഗം ബാധിക്കാതിരിക്കാനുമാണ് കംഫർട്ടിനെ അധികൃതർ സജ്ജമാക്കിയിരിക്കുന്നത്.
അതേ സമയം, ആവശ്യമെങ്കിൽ കൊറോണ രോഗികളെയും കംഫർട്ടിലേക്ക് മാറ്റാനുള്ള സംവിധാനമൊരുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.
കംഫർട്ട് ഇപ്പോൾ നങ്കൂരമിട്ടിരിക്കുന്നതിന്റെ പടിഞ്ഞാറൻ തീരത്താണ് അതേ ശ്രേണിയിൽപ്പെട്ട കപ്പലായ യു.എസ്.എൻ.എസ് മേഴ്‌സിയുള്ളത്.
ലോസ്ആഞ്ചലസിലെ വിവിധ ആശുപത്രികളിൽ കഴിഞ്ഞ കൊവിഡ് ഇതര രോഗികളെ അധികൃതർ മേഴ്‌സിയിലേക്ക് മാറ്റി. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ 12 ഓപ്പറേറ്റിംഗ് റൂമുകളുള്ള മേഴ്‌സിയിൽ കംഫർട്ടിലേത് പോലെ 1,000 കിടക്കകൾ ഉണ്ട്. ഡിജിറ്റൽ റേഡിയോളജിക്കൽ ലാബ് സർവീസ്, മെഡിക്കൽ ലബോറട്ടറി, ഫാർമസി, ഒപ്റ്റോമെട്രി ലാബ്, സി.എ.റ്റി സ്‌കാൻ എന്നീ സൗകര്യങ്ങളും വലിയ മിലിട്ടറി ഹെലികോപ്‌ടറുകൾക്ക് ലാൻഡ് ചെയ്യാനുതകുന്ന ഹെലികോപ്‌ടർ ഡെക്കും മേഴ്‌സിയിലുണ്ട്.
1970 കളിലാണ് കംഫർട്ടും മേഴ്‌സിയും നിർമിക്കപ്പെട്ടത്. ആദ്യം ഓയിൽ ടാങ്കറുകളായാണ് ഇവ നീറ്റിലിറങ്ങിയതെങ്കിലും പിന്നീട് 80കളിൽ ഹോസ്‌പിറ്റൽ ഷിപ്പുകളാക്കി മാറ്റി നേവിയ്ക്ക് കൈമാറുകയായിരുന്നു.