cyclone-harold

പോർട്ട് വില: പസഫിക് സമുദ്രത്തിലെ ദ്വീപായ വാന്വാറ്റുവിൽ ശക്തമായ ചുഴലിക്കാറ്റ്. എന്ന് പേരിട്ടിരിക്കുന്ന കാറ്റ് മണിക്കൂറിൽ 135 മീറ്ററിലാണ് തീരത്ത് നാശം വിതച്ചത്. അതീവ അപകടകാരിയായ അഞ്ചാം കാറ്റഗറിയിലാണ് ഹാരോൾഡിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ തീരത്താണ് കാറ്റ് കരത്തൊട്ടത്. ഹരോൾഡ് ചുഴലിക്കാറ്റിനെ തുടർന്ന് വാന്വാറ്റുവിൽ ശക്തമായ കടലാക്രമണവും മഴയും അനുഭവപ്പെടുന്നുണ്ട്. 300,​000 ജനങ്ങൾ ജീവിക്കുന്ന വാന്വാറ്റുവിൽ കൊറോണ വൈറസിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. വാന്വാറ്റുവിലെ സാൻമാ പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത്. പ്രദേശത്തെ വൈദ്യുത ബന്ധം താറുമാറായി. കെട്ടിടങ്ങൾ തകർന്നതോടെ പലരും ഗുഹകളിലും മറ്റും അഭയം പ്രാപിച്ചു. ഇതേ വരെ മരണം രേഖപ്പെടുത്തിയിട്ടില്ല.

2015ന് ശേഷം ഇതാദ്യമായാണ് കാറ്റഗറി അഞ്ചിൽ പെടുന്ന ചുഴലിക്കൊടുങ്കാറ്റ് വാന്വാറ്റുവിൽ വീശുന്നത്. അന്ന് വീശിയ പാം ചുഴലിക്കാറ്റ് രാജ്യത്ത് നിരവധി നാശനഷ്ടങ്ങൾക്ക് കാരണമായിരുന്നു. 20 ഓളം പേർക്കാണ് അന്ന് ജീവൻനഷ്ടപ്പെട്ടത്. വാന്വാറ്റുവിൽ ഇതേ വരെ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസം നടന്ന പൊതു തിരഞ്ഞെടുപ്പിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ലൈവ് സ്ട്രീമിംഗിലൂടെ അനൗദ്യോഗിക ഫലം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം വരാനിരിക്കെയാണ് ചുഴലിക്കാറ്റിന്റെ വരവ്.

പസഫിക് സമുദ്രത്തിൽ ഹരോൾഡ് ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം 700 പേരുമായി പോയ ഒരു ബോട്ട് സോളമൻ ഐലൻഡിൽ തകർന്നിരുന്നു. 27 പേർ സംഭവത്തിൽ മരിച്ചിരുന്നു.