ലോകത്തെ നൂറിലധികം രാഷ്‌ട്രങ്ങൾ ഇന്ന് വലിയൊരു വിപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്‌ട്രസഭ മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 എന്ന വിപത്തിനെ. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്താകമാനം അറുപതിനായിരത്തോളം മനുഷ്യജീവനുകൾ വൈറസിന്റെ ആക്രമണത്താൽ പൊലിഞ്ഞു കഴിഞ്ഞു. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ടെന്നു കരുതുന്ന കൊവിഡ് 19, 1.2 മില്യൺ ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. അമേരിക്ക, ഇറ്റലി, സ്പെയിൻ, ഇംഗ്ളണ്ട്, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വികസിത രാജ്യങ്ങളടക്കം കൊറോണ വൈറസിന്റെ പിടിയിലമർന്നു കഴിഞ്ഞു.
എന്നാൽ ഈ മഹാമാരി കടന്നെത്താത്ത ചില രാജ്യങ്ങളുമുണ്ടെന്നറിയുമോ? സൊളോമൺ ദ്വീപുകൾ, വനോറ്റൗ, സമോവ, കിരിബാട്ടി, മൈക്രോനേഷ്യ, ടോംഗ, മാർഷൽ ദ്വീപുകൾ, ടുവാലു, നൗറ തുടങ്ങിയ പസഫിക് ദ്വീപ രാഷ്ട്രങ്ങളിൽ കൊവിഡ് ഇതുവരെയും എത്തിനോക്കിയിട്ടില്ല. അതുപോലെ തന്നെ വടക്കൻ കൊറിയ, യെമൻ, തുർക്ക്‌മെനിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളും നിലവിൽ വൈറസിന്റെ ഭീകരതയിൽ നിന്ന് പൂർണമായും മുക്തരാണ്.
എന്തുകൊണ്ട് ഈ രാജ്യങ്ങളെയൊന്നും കൊവിഡ് ആക്രമിച്ചില്ല എന്ന് ചോദിച്ചു കഴിഞ്ഞാൽ, ഉത്തരം ലളിതമാണ്. ഇവിടങ്ങളിലെല്ലാം നിയന്ത്രണ സംവിധാനങ്ങൾ കർശനമാണ് എന്നതു തന്നെ. മുകളിൽ പറഞ്ഞിട്ടുള്ള രാജ്യങ്ങളിലൊക്കെ തന്നെ മറ്റുരാജ്യക്കാർക്ക് സന്ദർശിക്കുന്നതിനോ, യാത്ര ചെയ്യുന്നതിനോ കർക്കശമായ നിയന്ത്രണങ്ങളുണ്ട്. ഇതു തന്നെയാണ് അവരുടെ രക്ഷാകവചമായി തീർന്നതും.
ഇന്ത്യയുടെ കാര്യമെടുത്തു കഴിഞ്ഞാൽ രോഗബാധയും മരണനിരക്കും താരതമ്യേന വളരെ കുറവാണെങ്കിലും, ഒരു വികസ്വര രാഷ്‌ട്രം എന്ന നിലയിൽ കണക്കുകൾ നമ്മെ ആശങ്കപെടുത്തുന്നുണ്ട്. നിലവിൽ നാലായിരത്തിൽ അധികം പേർക്ക് ഇന്ത്യയിൽ കൊവിഡ് 19ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. നൂറിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.