മുംബയ്: കൊവിഡ്-19 ഭീതിയിൽ ഓഹരി വിപണികൾ ഉലഞ്ഞതിന്റെ ആഘാതത്തിൽ ശതകോടീശ്വരന്മാരുടെ കീശയിലുണ്ടായത് വൻ ചോർച്ച. ഏഷ്യയിലെ തന്നെ ഏറ്രവും വലിയ കോടീശ്വരനായ, റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ മുകേഷ് അംബാനിയുടെ ആസ്‌തിയിൽ നിന്ന് ഫെബ്രുവരി-മാർച്ചിൽ കൊഴിഞ്ഞത് 1,900 കോടി ഡോളറാണ് (മൊത്തം ആസ്‌തിയുടെ 28 ശതമാനം അഥവാ 1.44 ലക്ഷം കോടി രൂപ). ആസ്‌തി 4,800 കോടി ഡോളറിലേക്ക് (3.62 ലക്ഷം കോടി രൂപ) താഴുകയും ചെയ്‌തു.
അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുടെ ആസ്‌തി 600 കോടി ഡോളറും (37 ശതമാനം) എച്ച്.സി.എൽ ടെക്‌നോളജീസ് ചെയർമാൻ ശിവ് നാടാറിന്റെ ആസ്‌തി 500 കോടി ഡോളറും (26 ശതമാനം) കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്‌ടർ ഉദയ് കോട്ടക്കിന്റെ ആസ്‌തി 400 കോടി ഡോളറും (28 ശതമാനം) ഇടിഞ്ഞു. ഫെബ്രുവരി-മാർച്ചിൽ ഇന്ത്യൻ ഓഹരികൾ 25 ശതമാനം നഷ്‌ടം കുറിച്ചിരുന്നു.
ലോകത്ത് കൊവിഡ്-19 താണ്ഡവം മൂലം ഏറ്റവും വലിയ നഷ്‌ടമുണ്ടായ ശതകോടീശ്വരന്മാരിൽ രണ്ടാംസ്ഥാനത്താണ് മുകേഷ്. ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ എൽ.വി.എം.എച്ചിന്റെ സി.ഇ.ഒ ബെർണാഡ് അർണോൾട്ടാണ് ഒന്നാമത്; നഷ്‌ടം 3,000 കോടി ഡോളർ. ആസ്‌തി 28 ശതമാനം കുറഞ്ഞ് 7,700 കോടി ഡോളറിലെത്തി. ബെർക്‌ഷെയർ ഹാത്ത്‌വേ മേധാവി വാറൻ ബഫറ്റിന്റെ ആസ്‌തി 1,900 കോടി ഡോളർ ഇടിഞ്ഞ് (19 ശതമാനം) 8,300 കോടി ഡോളറായി.
കാർലോസ് സ്ളിം (അമേരിക്ക മുവിൽ), ബിൽ ഗേറ്ര്‌സ് (മൈക്രോസോഫ്‌റ്ര്), മാർക്ക് സുക്കർബർഗ് (ഫേസ്ബുക്ക്), ലാറിപേജ് (ആൽഫബെറ്ര്/ഗൂഗിൾ), സെർജീ ബ്രിൻ (ആൽഫബെറ്ര്/ഗൂഗിൾ), മൈക്കിൾ ബ്ളൂംബെർഗ് എന്നിവരാണ് ഏറ്റവുമധികം ആസ്‌തി ചോർച്ചയുമായി ടോപ് 10ലുള്ള മറ്റു പ്രമുഖർ.
ഏകനായി അംബാനി
ഹുറൂണിന്റെ പുതുക്കിയ ആഗോള ശതകോടീശ്വര പട്ടികയിൽ ആദ്യ 100 പേരിൽ ഇന്ത്യയിൽ നിന്ന് ഇപ്പോൾ മുകേഷ് അംബാനി മാത്രമേയുള്ളൂ. ആസ്‌തി ഇടിഞ്ഞതോടെ, എട്ട് സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി 17-ാം സ്ഥാനത്താണിപ്പോൾ മുകേഷ്. ഗൗതം അദാനി, ശിവ് നാടാർ, ഉദയ് കോട്ടക് എന്നിവർ ആദ്യ 100ൽ നിന്ന് പുറത്തായി.
ശതകോടീശ്വരനല്ല ഞാൻ!
കൊവിഡ്-19 ഭീതി, ലോക്ക് ഡൗൺ എന്നിവ മൂലം ഹോസ്‌പിറ്റാലിറ്റി മേഖല സ്‌തംഭിച്ചതോടെ, പ്രമുഖ ഓൺലൈൻ ഹോട്ടൽ ശൃംഖലയായ ഓയോ റൂംസിന്റെ മേധാവി റിതേഷ് അഗർവാളിന് ശതകോടീശ്വര പട്ടം നഷ്‌ടമായി. ഫെബ്രുവരിയിൽ 110 കോടി ഡോളറിന്റെ (ഏകദേശം 7,800 കോടി രൂപ) ആസ്‌തിയുണ്ടായിരുന്നു റിതേഷിന്. ഇപ്പോൾ 100 കോടി ഡോളറിന് താഴെ.
ഇന്ത്യയ്ക്ക് നഷ്‌ടം : 3
ചൈനയ്ക്ക് നേട്ടം : 6
ഫെബ്രുവരി-മാർച്ചിൽ ലോകത്തെ ടോപ് 100 ശതകോടീശ്വര പട്ടികയിൽ നിന്ന്
മൂന്നു ഇന്ത്യക്കാർ പുറത്തായി. എന്നാൽ, കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ നിന്ന് പുതുതായി ആറുപേർ ഇടംനേടി. ഇക്കാലയളവിൽ ചൈനീസ് കോടീശ്വരന്മാരുടെ ആസ്‌തി മെച്ചപ്പെടുകയും ചെയ്‌തു. പന്നി ഇറച്ചി കമ്പനികളുടെ ഉടമകളും ഇക്കൂട്ടത്തിലുണ്ട് !
ബെസോസ്, ഒന്നാമൻ
13,100 കോടി ഡോളറിന്റെ (9.89 ലക്ഷം കോടി രൂപ) ആസ്‌തിയുമായി ആമസോൺ തലവൻ ജെഫ് ബെസോസ് ആണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ. ആസ്‌തി 9 ശതമാനം ഇടിഞ്ഞെങ്കിലും ഒന്നാംസ്ഥാനം ബെസോസ് കൈവിട്ടില്ല. 9,100 കോടി ഡോളറുമായി മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ആണ് രണ്ടാമത്.
ഫോട്ടോ:
മുകേഷ് അംബാനി
ജെഫ് ബെസോസ്