വാഷിംഗ്ടൺ: ഭൂമിയെ പിടിച്ചുലച്ച് കൊവിഡ് മഹാമാരിയുടെ വിളയാട്ടം തുടരവെ മരണസംഖ്യ 70,344 ആയി. ഇതുവരെ 1,285,261 പേരെ രോഗം ബാധിച്ചു. യു.എസിൽ മരണം പതിനായിരത്തോളമായി. രോഗബാധിതരുടെ എണ്ണം മൂന്ന്ലക്ഷം കവിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേൾ ഹാർബർ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് രാജ്യം അഭിമുഖീകരിക്കാൻ പോകുന്നതെന്ന് യു.എസ് സർജൻ ജനറൽ ജെറോം ആദംസ് പറഞ്ഞു. വരുന്ന ആഴ്ചയിൽ യു.എസിൽ മരണസംഖ്യ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ലോകരാജ്യങ്ങളിൽ പടരുമെന്ന സൂചന ലഭിച്ചിട്ടും ട്രംപ് ഭരണകൂടം വേണ്ടത്ര മുൻകരുതൽ എടുത്തില്ലെന്നും പലരും ആരോപിക്കുന്നുണ്ട്.അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ മരണസംഖ്യ താരതമ്യേന കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനിടെ ഇറ്റലിയിൽ 525, സ്പെയിനിൽ 674 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലേത് അപേക്ഷിച്ച് ഇത് കുറവാണ്ഇറ്റലിയിൽ ആകെ മരണസംഖ്യ 15887 ആണ്.സ്പെയിനിലും മരണം 13055 ആയി.
ജപ്പാനിൽ ആറ് മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ സാദ്ധ്യത. സാമ്പത്തിക പാക്കേജ് പ്രഖ്യാപനവും ഉടൻ
തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യമായി മലേഷ്യ. രോഗികൾ – 3662. മരണം 61
ചൈനയിൽ 39 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാണിക്കാത്തവരിലും കൊവിഡ് കണ്ടെത്തി. രാജ്യം അതീവ ജാഗ്രതയിൽ. ആകെ മരണം- 3331, രോഗബാധിതർ -81708
ജോർദാനിൽ ആളുകൾ പുറത്തിറങ്ങുന്നതു തടയാൻ ഡ്രോൺ നിരീക്ഷണം.
ദക്ഷിണ സുഡാനിൽ ആദ്യ കേസ്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മൂന്നൂറിലധികം തബ്ലീഗ് ജമാഅത്ത് നേതാക്കൾക്ക് കൊവിഡ്.മാർച്ചിൽ പാകിസ്ഥാനിൽ രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുത്ത തബ്ലീഗ് സമ്മേളനം നടന്നിരുന്നു.
ഇറാനിൽ 100 പേരെങ്കിലും ദിവസവും മരിക്കുന്നു. ആകെ മരണം -3603, രോഗബാധിതർ -58226.
ബ്രിട്ടനിൽ ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കൊണ്ടുള്ള പൊതുസ്ഥല വ്യായാമങ്ങൾ കർശനമായി തടയും.
കൊവിഡ് ബാധിച്ച് ആയിരങ്ങൾ മരിക്കുമെന്നും പൗരന്മാർ അതിനെ അഭിമുഖീകരിക്കാൻ തയ്യാറായിരിക്കണമെന്നും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലൊവെൻ പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാൻ കഴിഞ്ഞ ദിവസം വരെ യാതൊരു നടപടികളും സ്വീഡൻ സ്വീകരിച്ചിരുന്നില്ല. ജനങ്ങൾക്ക് ബോധവത്കരണം നൽകുക മാത്രമാണുണ്ടായത്. രാജ്യത്തിന്റെ ഈ ഉദാസീന നടപടിയെ ആരോഗ്യവിദഗ്ദ്ധർ വിമർശിച്ചിരുന്നു.
സ്വീഡനിൽ സമ്മേളനങ്ങളിൽ 49 പേരിൽ കൂടുതൽ അനുവദിക്കില്ല. ബാറുകളിലും ഭക്ഷണ ശാലകളിലും ടേബിൾ സർവീസുകൾ മാത്രം. ആളുകൾ കൂടാറുള്ള അബ്ബ മ്യൂസിയം അടക്കമുള്ള ചില സ്ഥാപനങ്ങൾ അടച്ചിടും.