കൊല്ലം: ലോക് ഡൗണിന്റെ അവധിക്കാലത്ത് പാഴ് തുണികൾകൊണ്ട് ചവിട്ടി നിർമ്മിക്കുകയാണ് ബിരുദ വിദ്യാർത്ഥിനി. കൊട്ടാരക്കര കോട്ടാത്തല പണയിൽ പള്ളിയിൽതെക്കതിൽ ആർ.ബിജുവിന്റെ ഭാര്യ എസ്.സ്മിതാമോളാണ് ലോക് ഡൗണിന്റെ വിരസത മാറ്റാൻ പുതുവഴികൾ തേടിയത്. കൊട്ടാരക്കര എൻ.എസ്.എസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് സ്മിതാ മോൾ. കൊവിഡുമായി ബന്ധപ്പെട്ട് കോളേജിനും അവധി ലഭിച്ച നാൾ മുതൽ പാചക കലയിലായിരുന്നു സ്മിതയുടെ പരീക്ഷണങ്ങൾ. വേറിട്ട വിഭവങ്ങളും ഹൽവയും ഐസ്ക്രീമുമൊക്കെ തയ്യാറാക്കി. അയൽവീടുകളിൽ രുചി വിഭവങ്ങൾ നൽകാനും മടിച്ചില്ല.
പഴയ കീറത്തുണികളും തുന്നൽ പണികളുടെ ശേഷിപ്പായ തുണിക്കഷണങ്ങളുമൊക്കെ ചേർത്ത് ചവിട്ടി നിർമ്മിക്കാൻ തുടങ്ങിയപ്പോൾ പ്രോത്സാഹനവുമായി ബന്ധുക്കളെല്ലാമെത്തി. ഇപ്പോൾ ഇരുപതിൽപ്പരം ചവിട്ടികൾ പൂർത്തിയായിക്കഴിഞ്ഞു. ഓരോന്നും വേറിട്ട ഭംഗിയുള്ളത്. ലോക് ഡൗൺ തീരുന്നതിന് മുൻപായി കൂടുതൽ തുണിക്കഷണങ്ങൾ എത്തിച്ചുകൊടുത്ത് ചവിട്ടി നിർമ്മാണം സ്വയംതൊഴിൽ വരുമാനമാക്കാമെന്നാണ് ഓട്ടോ ഡ്രൈവറായ ബിജുവിന്റെയും കണക്കുകൂട്ടൽ. സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ.ഡി.സി പൂർത്തിയാക്കിയ ശേഷമാണ് സ്മിത ബിരുദ പഠനത്തിനിറങ്ങിയത്. ചെറിയ കുട്ടികൾക്ക് ട്യൂഷനെടുക്കാറുണ്ടായിരുന്നെങ്കിലും ലോക് ഡൗൺ അതിനും വിലക്കുനൽകിയിരിക്കയാണ്.