കൊല്ലം: ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ കലാകാരൻമാർക്ക് സർക്കാരിന്റെ അടിയന്തിര സഹായം ലഭിക്കണമെന്ന് കെ.ബി.ഗണേശ് കുമാർ എൽ.എൽ.എ ആവശ്യപ്പെട്ടു. കലാകാരൻമാരുടെ ക്ഷേമനിധിയിൽ ആറായിരം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ മൂവായിരം കലാകാരൻമാർക്ക് മൂവായിരം രൂപാവീതം പെൻഷൻ കൊടുക്കുന്നുണ്ട്. ശേഷിക്കുന്നവർക്ക് അടിയന്തിരമായി 1000 രൂപ വീതം അനുവദിക്കണം. കേരളത്തിലെ മുഴുവൻ കലാകാരൻമാർക്കും സഹായങ്ങൾ ലഭിക്കണമെന്നും ഗണേശ് കുമാർ പറഞ്ഞു. ഉത്സവ സീസണിലാണ് നാടകം, ഗാനമേള, മറ്റ് കലാപരിപാടികൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷകളുള്ളത്. വർഷത്തിൽ സീസണിൽ മാത്രം പ്രോഗ്രാമുകൾ കിട്ടുന്നവരാണ് ഇവരെല്ലാം. ഈ സീസണിൽ കൊവിഡിന്റെ ദുരിതമാണ് സംഭവിച്ചത്. ഉത്സവം തീരാറായി. ഇനി ഒട്ടുള്ളവ നടക്കുകയുമില്ല. കലാ പ്രവർത്തനം വഴിമുട്ടിയതോടെ കലാകാരൻമാരുടെ കുടുംബം തീർത്തും പട്ടിണിയിലേക്കാണ് നീങ്ങുന്നത്. സർക്കാരിന്റെ സഹായ പദ്ധതികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവരെല്ലാവരും. താര സംഘടനയായ അമ്മയിലും ബുദ്ധിമുട്ടനുഭവിക്കുന്ന അൻപതിൽപ്പരം കലാപ്രവർത്തകരുണ്ട്. 500 അംഗങ്ങളുള്ള സംഘടനയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായം എത്തിയ്ക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.