ന്യൂയോർക്ക്: കൊവിഡ് വൈറസ് വ്യാപനം ശക്തമായി തുടരുന്ന അമേരിക്കയിൽ മൃഗങ്ങൾക്കും രക്ഷയില്ല. ന്യൂയോർക്കിലെ ബ്രോൻക്സ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന കടുവയിൽ കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. നാലു വയസുള്ള പെൺ കടുവയാണ്. പേര് നാദിയ. മൃഗശാലയിലെ മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കൻ പുലികളിലും രോഗലക്ഷണമുണ്ട്.
രോഗപ്പകർച്ച തടയാൻ മാർച്ച് 16ന് മൃഗശാല അടച്ചതാണ്. കടുവയിലേക്ക് രോഗം പകർന്നത് ജീവനക്കാരിൽ നിന്നാകാമെന്നാണ് നിഗമനം. നേരത്തെ ചൈനയിലെയും ബെൽജിയത്തിലെയും വളർത്ത് പൂച്ചകളിലും, ഹോങ്കോംഗിലെ വളർത്തു നായ്ക്കളിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വന്യ മൃഗത്തിൽ രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്.