തിരുവനന്തപുരം : ലോക്ക്ഡൗണിന്റെ ഭാഗമായി മദ്യശാലകൾ അടച്ചതിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലയിൽ വ്യാപകമാകുന്ന വ്യാജവാറ്റ് തടയുന്നതിനായി പരിശോധന കർശനമാക്കി. നെടുമങ്ങാട് എക്സൈസ്‌ റേഞ്ച്‌, പാലോട് ജനമൈത്രി പൊലീസ്, പാലോട് ഫോറസ്‌റ്റ്‌ സെക്‌ഷൻ എന്നിവ സംയുക്തമായി ഊരുകളിൽ പരിശോധന നടത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഞാറനീലി, കാട്ടിലക്കുഴി, അടിപറമ്പ്, വെങ്കിട്ടമൂട്, ആദിച്ചൻകോൺ, മങ്കയം, ആനത്തുകാല, ആയാംപാറ, കല്ലണ, തോന്നാമൂഴി, കൂത്താടികോൺ, ചെന്നെല്ലിമൂട്, ഇടിഞ്ഞാർ, മൂന്നാറ്റ്മുക്ക്, 7 ബ്ലോക്ക്‌, പേത്തല കരിക്കകം, ആലുമൂട്, കൊടിച്ചില, ഈയ്യക്കോട് തുടങ്ങിയ ആദിവാസി ഊരുകൾ ചേർന്ന വനമേഖലകളിലാണ് പരിശോധനകൾ നടന്നത്‌. ഊരുകളിലെ താമസക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുകയും ചെയ്തു.

പാലോട് പൊലീസ് ഇൻസ്പെക്ടർ മനോജ്‌, നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.സജിത്ത്, വനംവകുപ്പ് പാലോട് സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.വി.ഷിജു, ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജിത്കുമാർ, ചുള്ളിമാനൂർ ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ വി.സുനിൽ, പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസർ അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.