ന്യൂയോർക്ക് : കപ്പലിലെ സൈനികർക്ക് കൊവിഡ് പടരുന്നെന്ന് കാട്ടി കത്തയച്ചതിനെ തുടർന്ന് ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട യു.എസ് നേവി ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയറിന് കൊവിഡ് സ്ഥിരീകരിച്ചു. ക്രോസിയറുടെ അടുത്ത സുഹൃത്താണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ക്രോസിയറുടെ ആരോഗ്യസ്ഥിതിയെ പറ്റി കൃത്യമായ അറിവില്ല.
കപ്പലിൽ കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടെന്നും ഇത് തടയാൻ നാവികസേന ശ്രമം നടത്തുന്നില്ലെന്നും ആരോപിച്ചതിനെ തുടർന്നാണ് അമേരിക്കൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് തിയഡോർ റൂസ്‌വെൽറ്റിലെ കമാൻഡറായിരുന്ന ക്യാപ്‌ടൻ ബ്രെറ്റ് ക്രോസിയറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്‌തത്.
ഇപ്പോൾ തങ്ങൾ യുദ്ധമുഖത്തല്ലെന്നും കപ്പലിനുള്ളിലെ സൈനികരെ രക്ഷിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ എല്ലാവരും മരിക്കുമെന്നും ചൂണ്ടിക്കാട്ടി ക്രോസിയർ മേലുദ്യോഗസ്ഥർക്ക് കത്തയച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് അയച്ച കത്ത് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെതിരെയാണ് ക്യാപ്‌ടൻ ക്രോസിയറിനെ പിരിച്ചുവിടാൻ തീരുമാനിച്ചത്.
കപ്പലിലെ 100ലേറെ സൈനികർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. മാർച്ച് 30നാണ് ക്രോസിയർ അഞ്ച് പേജുകളോടു കൂടിയ കത്ത് പുറത്തുവരുന്നത്. വൈറസ് ബാധയേല്ക്കാത്ത നാവികരെ കപ്പലിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്യണമെന്നും ക്ലോസിയർ ആവശ്യപ്പെട്ടിരുന്നു. ക്രോസിയറുടെ കത്ത് മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. അതേ സമയം, ക്രോസിയറിനെ പിന്തുണച്ച് കപ്പലിലെ സൈനികർ രംഗത്തെത്തിയിരുന്നു.