italy

റോം : ലോകത്തിന് പ്രതീക്ഷയേകി ഇറ്റലിയും സ്പെയിനും. കഴി‌ഞ്ഞ 24 മണിക്കൂറിനിടെ 525 പേരാണ് ഇറ്റലിയിൽ മരിച്ചത്. മാർച്ച് 19ന് ശേഷം ഇതാദ്യമായാണ് മരണസംഖ്യ ഇത്രയും താഴുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും ഇരുപത് ശതമാനത്തോളം കുറവാണ് ഇറ്റലിയിലെ മരണസംഖ്യയിലുണ്ടായിരിക്കുന്നത്. ഇറ്റലിയിൽ ഔദ്യോഗിക മരണ സംഖ്യ ആകെ 15,887 ആണ്. 128,948 പേർക്ക് രോഗം സ്ഥിരീകരിച്ചു. 21,815 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

മരണ സംഖ്യയും രോഗികളുടെ എണ്ണവും കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ഇറ്റാലിയൻ അധികൃതർ വ്യക്തമാക്കി. തുടർച്ചയായ നാലാം ദിവസവും സ്പെയിനിൽ മരണസംഖ്യയിൽ കുറവനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയതത് 637 മരണമാണ്. 13 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചത് 13,055 പേരാണ്. ഇതിൽ 5,136 പേർ മാഡ്രിഡ് നഗരത്തിൽ മാത്രം മരിച്ചവരാണ്. രോഗബാധിതരുടെ എണ്ണത്തിലും കുറവനുഭവപ്പെടുന്നുണ്ട്. ആകെ 135,032 പേർക്കാണ് സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 40,437 പേർക്ക് രോഗം ഭേദമായി.