ഒരുലക്ഷം ദിവസ വേതന തൊഴിലാളികൾക്ക് സഹായം
തൃശൂർ: ഒരുലക്ഷം ദിവസ വേതന തൊഴിലാളികൾക്ക് സഹായമെത്തിക്കാനുള്ള അമിതാഭ് ബച്ചന്റെ 'വി ആർ വൺ" പദ്ധതിക്ക് കല്യാൺ ജുവലേഴ്‌സിന്റെ പിന്തുണ. ഇതിൽ 50,000 പേരുടെ കുടുംബങ്ങൾക്കുള്ള സഹായം കല്യാൺ ജുവലേഴ്‌സ് നൽകും.
സ്വർണാഭരണ നിർമ്മാണ മേഖലയിലും സിനിമാരംഗത്തും പണിയെടുക്കുന്ന ദിവസ വേതനക്കാരുടെ കുടുംബങ്ങൾക്കാണ് കല്യാൺ ജുവലേഴ്‌സ് സഹായമെത്തിക്കുക. കേരളത്തിലെ ജുവലറി മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ, കോയമ്പത്തൂർ ജുവലേഴ്‌സ് അസോസിയേഷൻ, മുംബയിലെ ജെംസ് ആൻഡ് ജുവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ എന്നിവ നിർദേശിക്കുന്ന സ്വർണാഭരണ നിർമ്മാണ മേഖലയിലെ ദിവസ വേതനക്കാർക്ക് 'ഗോൾഡ്സ്‌മിത്ത് റിലീഫ് ഫണ്ട്" വഴി സഹായമെത്തിക്കും.
സിനിമാ മേഖലയിലെ ഗുണഭോക്താക്കളെ ഫെഫ്‌ക കണ്ടെത്തി നിർദേശിക്കും. കൊവിഡ്-19 പ്രതിരോധത്തെ കുറിച്ച് ബോധവത്കരിക്കുന്ന പരസ്യചിത്രത്തിനും കല്യാൺ ജുവലേഴ്‌സിന്റെ പിന്തുണയുണ്ട്. അമിതാഭ് ബച്ചന് പുറമേ മോഹൻലാൽ, രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, ശിവ് രാജ്‌കുമാർ, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവർ പരസ്യചിത്രത്തിൽ വേഷമിടുമെന്ന് കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.