കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന യൂറോപ്പിലെ പ്രമുഖ ഫുട്ബാൾ ലീഗ് ടൂർണമെന്റുകൾ എപ്പോൾ പുനരാരംഭിക്കാനാകും എന്നറിയാതെ ഉഴലുകയാണ് സംഘാടകർ. പാതിവഴിയെത്തിയപ്പോഴാണ് പല ലീഗുകളും തടസപ്പെട്ടത്. സീസൺ ചാമ്പ്യന്മാർ ആരെന്നതിൽ മിക്കയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കവേയാണ് അപ്രതീക്ഷിതമായി കളി നിന്നുപോയത്. ഇനി ഇത് പുനരാരംഭിക്കാനായില്ലെങ്കിൽ ചാമ്പ്യന്മാരെ എങ്ങനെ നിശ്ചയിക്കും എന്നതാണ് സംഘാടകരുടെ വലിയ തലവേദന
പ്രമുഖ ലീഗുകളിലെ സ്ഥിതി ഇങ്ങനെ
ഇംഗ്ലീഷ് പ്രിമിയർ ലീഗ്
രണ്ട് പതിറ്റാണ്ടിന് ശേഷം ലിവർപൂൾ ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗ് ചാമ്പ്യന്മാരാകുന്നതിലേക്ക് കുതിക്കുന്നതിനിടെയാണ് കൊവിഡിന്റെ വരവ് . പ്രിമിയർ ലീഗ് എന്ന് പേരുമാറ്റിയശേഷം ഇതുവരെ ചാമ്പ്യന്മാരായിട്ടില്ലാത്ത ലിവർപൂൾ 25 പോയിന്റ് ലീഡ് നേടിയിരിക്കുമ്പോഴായിരുന്നു ഇത്. ഒൻപത് കളികളേ ലിവർപൂളിന് ഇനി ശേഷിക്കുന്നുള്ളൂ. മൂന്ന് വിജയങ്ങൾക്കപ്പുറം ലിവർപൂളിന്റെ വിജയം ആധികാരികമാകും.നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. പക്ഷേ സിറ്റി ഇത്തവണ കിരീടം നിലനിറുത്തണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം.10 മത്സരങ്ങൾ ശേഷിക്കവേ ലിവർപൂളിന്റെ ലീഡ് മറികടക്കുക അസാദ്ധ്യം തന്നെ.അതുകൊണ്ടുതന്നെ ലീഗ് പുനരാരംഭിക്കാനായില്ലെങ്കിൽ ലിവർപൂളിനെ ചാമ്പ്യന്മായായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലെസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് ക്ളബുകൾ.
പോയിന്റ് ടേബിൾ
(ക്ളബ്, കളി,പോയിന്റ് ക്രമത്തിൽ )
ലിവർപൂൾ - 29-82
മാഞ്ചസ്റ്റർ സിറ്റി 28-57
ലെസ്റ്റർ സിറ്റി 29-53
ചെൽസി 29-48
മാഞ്ചസ്റ്റർ യുണൈറ്റഡ് 29-45
സ്പാനിഷ് ലാ ലിഗ
റയൽ മാഡ്രിഡും ബാഴ്സലോണയും മാറി മാറി ലീഡുനേടി ഇൗ സീസൺ ലാ ലിഗ ആവേശഭരിതമാക്കിയിരുന്നു. 27 മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് പോയിന്റ് വ്യത്യാസത്തിൽ ബാഴ്സലോണയാണ് മുന്നിൽ. ബാഴ്സലോണ തന്നെയാണ് നിലവിലെ ചാമ്പ്യന്മാർ. ഒാരോ ടീമിനും 11 മത്സരങ്ങളാണ് ശേഷിക്കുന്നത്. കഴിഞ്ഞ മാസം നടന്ന എൽക്ളാസിക്കോയിൽ ബാഴ്സയെ തോൽപ്പിച്ച് റയൽ ലീഡ് നേടിയിരുന്നതാണ്. എന്നാൽ പിന്നീടുള്ള മത്സരങ്ങളിലെ റയലിന്റെ തോൽവികൾ ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. നിലവിലെ മുൻനിരക്കാരെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയാണെങ്കിൽ ബാഴ്സലോണയ്ക്ക് ലാഭം.
പോയിന്റ് ടേബിൾ
(ക്ളബ്, കളി,പോയിന്റ് ക്രമത്തിൽ )
ബാഴ്സലോണ 27-58
റയൽ മാഡ്രിഡ് 27-56
സെവിയ്യ 27-47
റയൽ സോസിഡാഡ് 27-46
ഗെറ്റാഫെ 27-46
ഇറ്റാലിയൻ സെരി എ
കഴിഞ്ഞ എട്ട് സീസണുകളിലും കിരീടം നേടിയിരുന്ന യുവന്റസ് ഇക്കുറി തുടക്കത്തിൽ മുന്നിൽത്തന്നെയായിരുന്നു. പിന്നീട് ഇന്റർ മിലാന്റെയും ലാസിയോയുടെയും കുതിപ്പുകൾ പോരാട്ടത്തിന്റെ വീര്യം കൂട്ടി.യുവന്റസ് സീസണിൽ 26 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോഴാണ് ഇറ്റലിയിൽ കൊവിഡ് സംഹാരം തുടങ്ങിയത്. യുവെയുടെ മൂന്ന് താരങ്ങൾക്ക് രോഗം പിടിപെടുകയും സുഖപ്പെടുകയും ചെയ്തു. ഇപ്പോൾ ഒറ്റ പോയിന്റ് മാത്രം ലീഡിലാണ് യുവന്റസ്.പുതിയ വർഷത്തിൽ തുടർച്ചയായി ഗോളുകൾ അടിച്ചുകൂട്ടി ക്രിസ്റ്റ്യാനോ റെക്കാഡ് സൃഷ്ടിച്ചതിന് താത്കാലിക തടസമിട്ടതും കൊവിഡാണ്.
പോയിന്റ് ടേബിൾ
(ക്ളബ്, കളി,പോയിന്റ് ക്രമത്തിൽ )
യുവന്റസ് 26-63
ലാസിയോ 26-62
ഇന്റർ മിലാൻ 25-54
അറ്റലാന്റ 25-48
എ.എസ് റോമ 26-45
ജർമ്മൻ ബുണ്ടസ് ലിഗ
25 മത്സരങ്ങൾ വീതം പിന്നിട്ടപ്പോൾ നാലുപോയിന്റ വ്യത്യാസത്തിൽ നിലവിലെചാമ്പ്യന്മാരായ ബയേൺമ്യൂണിക്കാണ് മുന്നിൽ.രണ്ടാം സ്ഥാനത്ത് ബൊറൂഷ്യ ഡോർട്ട്മുണ്ട്.തുടർച്ചയായ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ബയേൺ ഇൗ സീസണിനിറങ്ങിയത്.
പോയിന്റ് ടേബിൾ
(ക്ളബ്, കളി,പോയിന്റ് ക്രമത്തിൽ )
ബയേൺ മ്യൂണിക്ക് 25-55
ബൊറൂഷ്യ 25-51
ലെയ്പ്സിഗ് 25-50
മോഷെൻഗ്ളാബാഷ് 25-49
ലെവർകൂസൻ 25-47
ഫ്രഞ്ച് ലിഗ വൺ
നെയ്മറും എംബാപ്പെയും ഏയ്ഞ്ചൽ ഡി മരിയയുമൊക്കെ അണിനിരക്കുന്ന പാരീസ് സെന്റ് ജെർമെയ്ൻ വ്യക്തമായ ലീഡോടെ തുടർച്ചയായ ഏഴാം കിരീടത്തിലേക്ക് കുതിക്കവേയാണ് മഹാമാരിയെത്തിയത്. 27 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 12 പോയിന്റിന്റെ ലീഡാണ് പി.എസ്.ജിക്കുള്ളത്. മാഴ്സെയാണ് രണ്ടാം സ്ഥാനത്ത്.
പോയിന്റ് ടേബിൾ
(ക്ളബ്, കളി,പോയിന്റ് ക്രമത്തിൽ )
പി.എസ്.ജി 27 -68
മാഴ്സെ 28-56
റെന്നെ 28-50
ലിലെ 28- 49
റെയ്ംസ് 28-41
പ്രീക്വാർട്ടർ പാതിവഴിയിലാക്കി
ചാമ്പ്യൻസ് ലീഗ്
ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി നോക്കൗട്ടിന്റെ ആദ്യ പടിയിലെത്തിയപ്പോഴാണ് യുവേഫ ചാമ്പ്യൻസ് ലീഗ് നിറുത്തിവയ്ക്കേണ്ടി വന്നത്. പ്രീക്വാർട്ടറിന്റെ എട്ട് ആദ്യ പാദ മത്സരങ്ങളും നാല് രണ്ടാം പാദ മത്സരങ്ങളും പൂർത്തിയായി. റയൽ മാഡ്രിഡ് - മാഞ്ചസ്റ്റർ സിറ്റി, ചെൽസി -ബയേൺ, ലിയോൺ - യുവന്റസ്, ബാഴ്സലോണ - നാപ്പോളി രണ്ടാം പാദ പ്രീക്വാർട്ടറുകളാണ് മുടങ്ങിയത്. പാരീസ് എസ്.ജി. ലെയ്പ്സിഗ്, അറ്റലാന്റ,അത്‌ലറ്റിക്കോ മാഡ്രിഡ് ക്ളബുകളാണ് ക്വാർട്ടറിലെത്തിയിരിക്കുന്നത്. മാർച്ചിൽ പ്രീക്വാർട്ടർ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ മേയ് - ജൂൺ സമയത്ത് നടക്കേണ്ട ഫൈനൽ ഉൾപ്പടെ മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്.
ബയേൺ പരിശീലനം
പുനരാരംഭിച്ചു
കൊവിഡിനെത്തുടർന്ന് നിറുത്തിവച്ച ജർമ്മൻ ബുണ്ടസ് ലീഗ മത്സരങ്ങൾ എന്ന് തുടങ്ങുമെന്ന് ഉറപ്പില്ലെങ്കിലും പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ് ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്ക്. പരിശീലനവേദിയിൽ ടീമംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം. ചെറുസംഘങ്ങളായാണ് പരിശീലനം. ആരോഗ്യവകുപ്പ് അധികൃതരുടെ സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായി അനുസരിച്ചാണ് പരിശീലനമെന്ന് ക്ളബ് അധികൃതർ അറിയിച്ചു.