വർക്കല : നാടകം ജീവിതമാക്കിയ കുടുംബമാണ് വർക്കല ജോയിയുടേത്. നാടകത്തിലൂടെ കണ്ടുമുട്ടുകയും നാടകം ജീവിതമാക്കുകയും ചെയ്ത ദമ്പതികളാണ് ജോയിയും സിസിലിയും. മകൻ ബിമലും അഭിനയ വഴി തന്നെ തിരഞ്ഞെടുത്തു. അതിന്റെ ഫലമാണ് ഭൂമിക എന്ന നാടകസമിതി. പ്രൊഫഷണൽ നാടക വേദിയിൽ അവിസ്മരണീയമായ ഒരു മേൽവിലാസം തന്നെ ഭൂമിക നേടിയെടുത്തു.

ആരും പറഞ്ഞിട്ടല്ല ജോയി നടനായത്. സ്വന്തമായി വഴിവെട്ടിത്തെളിച്ചയാളാണ് ജോയി. കൊല്ലം സത്യ ആർട്സിലായിരുന്നു തുടക്കം. പിന്നീട് എം.കെ കുരീപ്പുഴ എന്ന മൊയ്തീൻ കുഞ്ഞിന്റെ സമിതിയിലെത്തി. അവിടത്തെ അഭിനയം കണ്ടിട്ട് പ്രശസ്ത സാഹിത്യകാരൻ വൈക്കം ചന്ദ്രശേഖരൻ നായർ, ജോയിയെ സുനിതാ ആർട്സ് തിയറ്റേഴ്സിന്റെ കാലൊച്ചകൾ എന്ന നാടകത്തിലെത്തിച്ചു. ചങ്ങനാശ്ശേരി ഗീഥയുടെ മന്ത്രിയെന്ന നാടകത്തിലെ ടോമി എന്ന കാമുകവേഷമാണ് ജോയിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആ നാടകത്തിൽ കാമുകി മേരിയായി വേഷമിട്ടത് പാലായിൽ നിന്നെത്തിയ സിസിലിയായിരുന്നു. ആ പ്രണയം ഭാര്യാ ഭർത്താക്കന്മാരായി ജീവിതാവസാനം വരെ തുടർന്നു.

ഇരുപതോളം നാടകങ്ങൾ രചിക്കുകയും നിരവധി നാടകങ്ങൾ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ജോയി, 200 ഓളം കലാകാരന്മാരെ നാടക ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അമ്പതോളം പുരസ്കാരങ്ങൾ ജോയിക്കും സിസിലിക്കും ഇതിനകം ലഭിച്ചിട്ടുണ്ട്.

സിസിലി ജോയിക്ക് കഴിഞ്ഞവർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ഇതിനിടെ വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന കുപ്പായവും വർക്കല ജോയിയെത്തേടിയെത്തി. മകൻ ബിമൽ കെ.പി. എ. സി യുടെ നാടകങ്ങളിൽ അഭിനയിക്കുന്നു. മകൾ ബ്ലെസി ജോനാ ജോയി കുടുംബസമേതം ഗൾഫിലാണ്.