തിരുവനന്തപുരം: നഗരത്തിൽ രണ്ടിടത്ത് വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി. വഞ്ചിയൂർ സ്വദേശി രാധാകൃഷ്ണന്റെ പുരയിടത്തിൽ നിന്ന മാവ് അയ്യപ്പൻ നായർ, ശ്രീകുമാർ, ശശിധരൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് ഇന്നലെ രാവിലെ വീഴുകയായിരുന്നു. വീടുകൾക്ക് ചെറിയ കേടുപാടുണ്ടെങ്കിലും ആർക്കും പരിക്കിമില്ല. ഫയർഫോഴ്സ് അംഗങ്ങൾ മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് മരം നീക്കം ചെയ്‌തത്. കൈതമുക്ക് ശീവേലി നഗറിൽ രാജശേഖരന്റെ വീടിന് മുകളിലേക്ക് വേപ്പ് മരം മറിഞ്ഞ് വീണു. മദ്ധ്യവയസ്‌കരായ ദമ്പതികൾ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തി മരം നീക്കം ചെയ്‌തു. ജനറൽ ആശുപത്രിക്ക് സമീപം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനടുത്തുനിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞുതൂങ്ങിയതും ഫയ‌ർഫോഴ്സ് മുറിച്ചുമാറ്റി.