cm-

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ ഒൻപത് പേ‍ർ കാസർകോട് ജില്ലക്കാരാണ്. മലപ്പുറത്തെ രണ്ട് പേ‍ർക്കും കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഒരോരുത്തർക്കും ഇന്നു രോ​ഗം സ്ഥിരീകരിച്ചു.

കാസർകോട് രോ​ഗം സ്ഥിരീകരിച്ച ആറ് പേ‍ർ വിദേശത്തു നിന്നും വന്നതാണ്. മൂന്ന് പേ‍ർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ലഭിച്ചു. കൊവിഡ് രോഗം ബാധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലായി ഇതുവരെ 18 മലയാളികൾ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഔദ്യോഗികമായുള്ള വിവരങ്ങൾ വന്നാൽ മാത്രമേ വിദേശത്തെ മരണങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

അമേരിക്ക, യുകെ, യുഎഇ, സൌദി എന്നീ രാജ്യങ്ങളിലാണ് കൂടുതൽ പേരും മരിച്ചത്. അമേരിക്കയിൽ മാത്രം എട്ട് പേർ മരിച്ചു. കേരളത്തിൽ കൊവിഡ് വൈറസ് ബാധ നിയന്ത്രിതമായ രീതിയിലാണെങ്കിലും ആഗോളതലത്തിൽ സ്ഥിതി വളരെ മോശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.