എം.ജയചന്ദ്രൻ
സ്നേഹ സമ്പന്നത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്ര ആയിരുന്നു.
എപ്പോൾ കണ്ടാലും കൈയിൽ മുത്തം നൽകി അനുഗ്രഹിക്കുമായിരുന്നു.
അങ്ങയുടെ ഗാനങ്ങൾ ഞങ്ങളുടെ ഹൃദയങ്ങൾ പാടിക്കൊണ്ടേ ഇരിക്കും മാസ്‌റ്റർ !!
അങ്ങ് തെളിച്ച കെടാ ദീപം ഞങ്ങളെ സംഗീതനേർവഴികളിലേക്ക് നയിക്കും മാസ്റ്റർ !!
അങ്ങയ്ക്ക് മരണമില്ല !!
ബിജി പാൽ
വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂർവമുള്ള ആ തലോടൽ ഇപ്പോഴുമുണ്ട് കവിളത്ത്. പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാൾ. അത്ര തന്നെ മൃദു ആയൊരാൾ. ചമ്പകത്തൈകൾ പൂത്ത പോലെ സുന്ദരമായൊരാൾ. പ്രിയപ്പെട്ട അർജ്ജുനൻ മാസ്റ്റർ.
സുജാത
മാസ്റ്ററിനോടുള്ള കടപ്പാട് എത്ര പറഞ്ഞാലും തീരില്ല.പന്ത്രണ്ടു വയസ്സുകാരിയായ എന്നെ കൈ പിടിച്ചു സിനിമാ പിന്നണി ഗാന രംഗത്തേക്ക് കൊണ്ടുവന്ന് നായികക്കുള്ള ഗാനം തരാൻ കാണിച്ച ആ ധൈര്യത്തിന് ഞാൻ എങ്ങനെ നന്ദി പറയണം. അന്ന് മുതൽ ഇന്ന് വരെ ഒരു സ്നേഹനിധിയായ ഗുരുവായിരുന്നു മാസ്റ്റർ എനിക്ക്.'മക്കളെ' എന്നുള്ള നിറപുഞ്ചിരിയോടെയുള്ള ആ വിളി ഇനി കേൾക്കാൻ പറ്റില്ലെന്ന് ഓർക്കുമ്പോൾ ഒരുപാടു സങ്കടം തോന്നുന്നു. പക്ഷെ മാസ്റ്റർ എന്റെ മനസിൽ നിന്നും ഒരിക്കലും മായുകയില്ല.
ജി.വേണുഗോപാൽ
കിടമത്സരങ്ങളും സ്വാർത്ഥതയും തനിക്കു താൻ പോരിമയും മത്സരിക്കുന്ന സിനിമാലോകത്ത് ഒരു മഹർഷിവര്യനെപ്പോലെ ജീവിച്ച്, സംഗീതസുഗന്ധം പകർന്ന്, വിനയാന്വിതനായി, സൗമ്യനായി, നിശ്ശബ്ദനായി വർത്തിച്ച വ്യക്തിയാണ് അർജുനൻ മാസ്റ്റർ. മഹാന്മാരായ നിരവധി സംഗീതജ്ഞരുണ്ട്. എന്നാൽ അവരിൽ കുറച്ച് പേർ മാത്രമേ നല്ല മനസിന് ഉടമകളായുള്ളു.മാസ്റ്ററെ കാണുമ്പോൾ അറിയാതെ കുനിഞ്ഞു അനുഗ്രഹം തേടാൻ പരതുന്ന എന്റെ ശിരസിനെ തലോടി കവിളത്ത് മൃദുവായി "മോനേ " എന്ന മന്ത്രണത്തോടെ ഇനി സ്പർശിക്കാൻ ആരുമില്ല.
കെ.എസ്.ചിത്ര
സംഗീത ലോകത്തിന് മാസ്റ്റർ നൽകിയ സംഭാവന ഒരിക്കലും മറക്കാൻ കഴിയില്ല.അദ്ദേഹത്തിന്റെ മനോഹരമായ ഗാനങ്ങൾ എന്നും എന്നും നിലനിൽക്കും