covid-

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4067 ആയി. ഇതുവരെ 109 പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തെ കൊവിഡ് കേസുകളിൽ 1445 എണ്ണവും തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടാണ്. തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 25000 പേർ നിരീക്ഷണത്തിലാണ്. സമ്മേളനത്തിൽ പങ്കെടുത്തവർ സന്ദർശിച്ച ഹരിയാനയിലെ അഞ്ചു ഗ്രാമങ്ങൾ അടച്ചുപൂട്ടിയതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചവരിൽ 76 ശതമാനവും പുരുഷന്മാരും 24 ശതമാനം പേർ സ്ത്രീകളുമാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരിൽ 63 ശതമാനവും 60 വയസിന് മുകളിലുളളവരാണ്. വൈറസ് ബാധിച്ച് മരിച്ചവരിൽ 40 വയസിൽ താഴെയുളളവർ ഏഴു ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.