lockdown
lockdown

ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14ന് ശേഷവും നിയന്ത്രണങ്ങൾ തുടരാൻ സാധ്യത. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച മേഖലകളിൽ ലോക്ക് ഡൗൺ അതേപടി നിലനിറുത്താനും സാധ്യതയുണ്ട്.

രാജ്യതാല്പര്യം നോക്കി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കേന്ദ്രമന്ത്രിസഭാ സമ്മേളനത്തിനുശേഷം പ്രതികരിച്ചത്. നിയന്ത്രണങ്ങൾ തുടരണമെന്ന് പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രോഗഭീതിയിൽ നിന്ന് രാജ്യം സമ്പൂർണമായി മുക്തി നേടാതെ ഇളവ് അനുവദിക്കരുതെന്നാണ് യു.പി സർക്കാർ ആവശ്യപ്പെടുന്നത്.

രാജ്യത്തൊട്ടാകെ 20 ഹോട്ട്‌ സ്‌പോട്ടുകളും 22 സാധ്യതാ ഹോട്ട്‌ സ്‌പോട്ടുകളും ആരോഗ്യ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ തുടരണമെന്ന് നിരവധി സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. മുൻകരുതലും പ്രതിരോധവും ശക്തമാക്കണമെന്ന് വിദഗ്ദരും അഭിപ്രായപ്പെട്ടിട്ടുണ്ട്.ഘട്ടംഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കണമെന്നാണ് ഒരു വാദം.

മുഖ്യമന്ത്രിമാരുമായി കഴിഞ്ഞയാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിൽ നിയന്ത്രണങ്ങൾ ഉടൻ നീക്കില്ലെന്നും ലോക്ക് ഡൗൺ മാറ്റുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.

#ലോക്ക് ഡൗൺ തുടരണം: മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് സംസ്ഥാന സർക്കാർതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

അവിടെ ഒൗദ്യോഗിക കണക്ക് പ്രകാരം 45പേർ മരിക്കുകയും 748പേർക്ക് രോഗം ബാധിക്കുകയും ചെയ്തു.