covid

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഇന്നലെ യു.എസിലും ലണ്ടനിലും യു.എ.ഇയിലുമായി അഞ്ചു മലയാളികൾ മരിച്ചു.ഇതോടെ ഈ രോഗം വന്ന് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം പതിനേഴായി.

കൊട്ടാരക്കര ഓടനാവട്ടം കട്ടയിൽ മുക്കാലയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയും മുട്ടറ ഗവ.എച്ച്.എസ്.എസിലെ റിട്ട.അദ്ധ്യാപികയുമായ

ഇന്ദിര (72), കണ്ണൂർ ഇരിട്ടി കീഴ്പള്ളി അത്തിക്കൽ മുള്ളൻകുഴിയിൽ ജോർജിന്റെ മകനും ലണ്ടനിലെ സന്റോ സറൈ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ സിന്റോ ജോർജ് (36) എന്നിവരാണ് ലണ്ടനിൽ മരിച്ചത്.

കൊട്ടാരക്കര കരിക്കം ഐപ്പള്ളൂർ പ്രഭാ ബംഗ്ളാവിൽ ഉമ്മൻ കുര്യൻ (ബേബി-65), തിരുവല്ല കാവുംഭാഗം കിഴക്കുംമുറി വഞ്ചിപ്പാലം ഗ്രേസ് വില്ലയിൽ ജോൺ വർക്കിയുടെ ഭാര്യയും റിട്ട. നഴ്സുമായ ഏലിയാമ്മ ( 65)

എന്നിവരാണ് അമേരിക്കയിൽ മരിച്ചത്.

കണ്ണൂർ കോളയാട് ആലച്ചേരി കൊളത്തായി പടിഞ്ഞേറയിൽ അബൂബക്കറിന്റെ മകനും കണ്ണവം വിസ്മയ ടെക്സ്റ്റയിൽസ് പാർട്ണറുമായ

ഹാരിസാണ് ​ (36) യു.എ.ഇയിൽ മരിച്ചത്.

പക്ഷാഘാതത്തെ തുടർന്ന് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇന്ദിരയുടെ മരണം. ലണ്ടനിൽ നഴ്സായ മൂത്ത മകളുടെ അടുത്ത് അഞ്ചുമാസം മുമ്പാണ് എത്തിയത്.

പത്തു വർഷമായി കുടുംബ സമേതം ലണ്ടനിൽ കഴിയുന്ന സിന്റോ കഴിഞ്ഞ ആഴ്ചയാണ് രോഗബാധിതനായത്.

ന്യൂയോർക്കിൽ മരിച്ച റിട്ട.നഴ്സ് ഏലിയാമ്മ നാട്ടിലെ ജോലിയിൽ നിന്ന് വിരമിച്ച ശേഷം കുടുംബ സമേതം 15 വർഷമായി അവിടെയാണ്.

17 വർഷമായി കുടുംബ സമേതം അമേരിക്കയിലായ ഉമ്മൻ കുര്യൻ അവിടെ ആശുപത്രി ജീവനക്കാരനായിരുന്നു.