indian-army

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാരയിലെ ഖേരൻ പ്രവിശ്യയിലുള്ള നിയന്ത്രണ രേഖയിൽ ഭീകരരുമായി നടന്ന 'ഹാൻഡ് ടു ഹാൻഡ്(നേരിട്ടുള്ള സംഘട്ടനം)' പോരാട്ടത്തിൽ വിജയം നേടി ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സസ് സൈനികർ. ഏതാനും ദിവസം മുൻപാണ് ഈ മേഘലയിൽ ഭീകരർ നിലയുറപ്പിച്ചിരിക്കന്നതായി ഇന്ത്യൻ സൈന്യത്തിന് വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് സൈനികരും ഏതാനും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുകളും നടന്നിരുന്നു. ശേഷം, അതീവ ദുർഘടമായ ഈ മേഖലയിൽ പരിശോധന നടത്താൻ അഞ്ച് ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സസ് സൈനികർ നിയോഗിക്കപ്പെടുകയായിരുന്നു.

ഏപ്രിൽ ഒന്നിന് ഇവിടുത്തെ മഞ്ഞുമൂടിയ പ്രവേശത്ത് സംശയകരമായ രീതിയിൽ ചിലരുടെ കാൽപാടുകൾ ഈ സൈനികർ കണ്ടെത്തി. ശേഷം പരിശോധന വ്യാപകമാക്കിയ സൈനികർ 'നള്ള' എന്ന് പേരുള്ള തണുത്തുറഞ്ഞ മഞ്ഞുപാളിയിലും പരിശോധന നടത്തി. എന്നാൽ ഉടൻ മഞ്ഞുപാളി ഇടിഞ്ഞ് വീഴുകയാണുണ്ടായത്. എന്നാൽ സൈനികർ ചെന്നുപതിച്ചതോ താഴെ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്തും. പെട്ടെന്നുണ്ടായ സംഭവത്തിൽ പകച്ചുപോയ ഭീകരർ തങ്ങൾക്ക് മുൻപിലായി വീണ സൈനികരെ കണ്ട് അമ്പരന്നു.

തങ്ങൾ തിരഞ്ഞ ഭീകരരെ കണ്ടെത്തിയ സൈനികർ ഒട്ടും വൈകാതെ തന്നെ പോരാട്ടത്തിന് തയ്യാറെടുക്കുകയും ഭീകരർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. താഴെ ഇവർ തമ്മിലുള്ള പോരാട്ടം ആരംഭിച്ചത് കണ്ട് മുകളിൽ വീഴാതെ അവശേഷിച്ച രണ്ട് സ്‌പെഷ്യൽ ഫോഴ്സസ് സൈനികരും താഴേക്ക് എടുത്തുചാടി പോരാട്ടത്തിൽ പങ്കുകൊണ്ടു.

ഏതാനും സമയം കൊണ്ടുതന്നെ മുഴുവൻ ഭീകരരെയും വധിക്കാൻ സൈനികർക്ക് കഴിഞ്ഞുവെങ്കിലും ദുഖകരമായ സംഭവം പിന്നീടാണ് ഉണ്ടായത്. ആക്രമണത്തിൽ വെടിയുണ്ടകൾ ഏറ്റുവാങ്ങി ഗുരുതരമായി പരിക്കേറ്റ സൈനികർ മരണത്തിന് കീഴടങ്ങി. രണ്ട് സൈനികർ സംഭവസ്ഥലത്ത് വച്ചും ബാക്കിയുള്ളവർ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. സുബേദാർ സഞ്ജീവ് കുമാർ, ഹവിൽദാർ ദാവേന്ദ്ര സിംഗ്, പാരാട്രൂപ്പർമാരായ ബാൽ കൃഷ്ണൻ, അമിത് കുമാർ, ഛത്രപാൽ സിംഗ് എന്നിവരാണ് രാജ്യത്തിനായി പോരാടി വീരസ്വർഗം പുൽകിയത്.