cat

കൊച്ചി: വളർത്തുപൂച്ചകൾക്ക് ആഹാരം നൽകുന്നതിൽ നിന്നും പൊലീസ് തന്നെ തടയുന്നുവെന്ന എറണാകുളം മരട് സ്വദേശിയുടെ പരാതിക്ക് പരിഹാരം. തന്റെ മൂന്ന് പൂച്ചകൾക്ക് സമയത്ത് ആഹാരം വാങ്ങി നൽകാൻ പൊലീസ് വാഹന പാസ് അനുവദിച്ച് നൽകുന്നില്ലെന്ന് കാട്ടി മരട് സ്വദേശിയായ എൻ.പ്രകാശാണ് ഹൈക്കോടതിയെ സമീപിച്ചത്.

വാദത്തിനിടെ, പൂച്ചകൾക്ക് സാധാരണ ആഹാരം നൽകിയാൽ മതിയാകില്ലേ എന്ന് ചോദിച്ച കോടതിയോട്, സസ്യഭുക്കായ താൻ വീട്ടിൽ മാംസാഹാരം ഉപയോഗിക്കാറില്ലെന്നും അതുകൊണ്ട് 'മിയോ പേർഷ്യൻ' എന്ന പൂച്ചകൾക്കുള്ള പ്രത്യേക ആഹാരമാണ് തന്റെ വളർത്തുമൃഗങ്ങൾക്ക് നൽകാറുള്ളതെന്നും ഇയാൾ പറഞ്ഞു.

എരൂരിൽ ഉള്ള ഒരു മൃഗാശുപത്രിയിൽ നിന്നുമാണ് പ്രകാശ് സ്ഥിരമായി പൂച്ചകൾക്കുള്ള ആഹാരം വാങ്ങാറുള്ളത്. എന്നാൽ ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ഇവിടുത്തെ സ്റ്റോക്കുകൾ തീർന്നത് കാരണം കടവന്ത്രയിലുള്ള ഒരു മൃഗാശുപത്രിയിൽ നിന്നും പൂച്ചകൾക്കുള്ള ഭക്ഷണം വാങ്ങാനാണ് പ്രകാശ് ഉദ്ദേശിച്ചിരുന്നത്.

ഇവിടേക്ക് വാഹനം ഓടിച്ചു പോകേണ്ടതായി വന്നതിനാലാണ് ഇദ്ദേഹം പൊലീസിന്റെ അനുവാദം തേടിയത്. എന്നാൽ ഇതിനായി പാസ് നൽകേണ്ടതില്ലെന്നും സ്വയം പ്രഖ്യാപന രേഖ നൽകിയാൽ മതിയെന്നുമാണ് പൊലീസ് കോടതിയിലെ വാദത്തിനിടെ പറഞ്ഞത്. ഏതായാലും സ്വയം പ്രഖ്യാപന രേഖയും കോടതി വിധിയുടെ പകർപ്പും കൈവശം വച്ചുകൊണ്ട് തന്റെ പൂച്ചകൾക്ക് ആഹാരം വാങ്ങി നൽകാൻ പ്രകാശിന് അനുവാദം നൽകിയിരിക്കുകയാണ് കോടതി.