ബീജിംഗ് : ലോകത്തെങ്ങും മനുഷ്യജിവനുകൾ നഷ്ടമാക്കി പടരുന്ന മഹാമാരിയായ കൊവിഡ് 19ന്റെ പ്രഭവകേന്ദ്രം ചൈനയിലായിരുന്നു. യഥാർത്ഥ കണക്കുകൾ പുറത്തുവന്നില്ലെങ്കിലും ഇതുവരെ ആയിരക്കണക്കിന് പേരാണ് ചൈനയിൽ കൊവിഡ് വൈറസ് ബാധയിൽ മരിച്ചത്. ചൈനയിൽ ഇപ്പോൾ കൊവിഡ് 19 നിയന്ത്രണവിധേയമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചൈന കൊവിഡിന്റെ പശ്ചാത്തലത്തിൽ നേട്ടം കൊയ്യുന്നു എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കൊവിഡ് വൻ സാമ്പത്തികനേട്ടമാണ് ചൈനയ്ക്ക് ഉണ്ടാക്കുന്നത് . കൊവിഡ് നാശം വിതച്ചുകൊണ്ടിരിക്കുന്ന ഇറ്റലി, സ്പെയിൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. തദ്ദേശീയമായി ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അസാദ്ധ്യമായതിനാൽ ഉപകരണങ്ങൾ ഇറക്കുമതിചെയ്യാനാണ് ഇവരുടെ ശ്രമം.
മറ്റ് രാജ്യങ്ങളിലേക്ക് 1.45 ബില്യൺ ഡോളറിന്റെ (ഏതാണ്ട് 11,000 കോടിരൂപ) മെഡിക്കൽ ഉപകരണങ്ങളാണ് ചൈന കയറ്റി അയച്ചിരിക്കുന്നത്. ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന മുന്നേറ്റമാണ് ഇക്കാര്യത്തിൽ ചൈന നടത്തിയിരിക്കുന്നത്.