india

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ഏപ്രിൽ 14ന് തന്നെ അവസാനിക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ചുള്ള തീരുമാനം രാജ്യതാത്പര്യം അനുസരിച്ചായിരിക്കുമെന്നും അനുയോജ്യമായ സമയത്ത് തീരുമാനം അറിയിക്കുമെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറയുന്നത്. എന്നാൽ ഉത്തർ പ്രദേശിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായ അവനീഷ് അവാസ്തി മറ്റൊരു ഉത്തരമാണ് ഇക്കാര്യത്തിൽ നൽകുന്നത്. രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ അവസാനിക്കാനായി ജനങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.

'സംസ്ഥാനം പൂർണമായും കൊവിഡ് മുക്തമായ ശേഷം മാത്രമേ നമ്മൾ ലോക്ക്ഡൗൺ അവസാനിപ്പിക്കുകയുള്ളൂ. കൊവിഡ് രോഗബാധയുള്ള ഒരാളെങ്കിലും അവശേഷിക്കുന്ന സാഹചര്യത്തിൽ പോലും ലോക്ക്ഡൗൺ അവസാനിപ്പിക്കാൻ സാധിക്കില്ല. ഇത് കാരണമാണ് സമയമെടുക്കുമെന്ന് പറയുന്നത്.' അവനീഷ് അവാസ്തി പറയുന്നു. വരുന്ന എട്ട് ദിവസങ്ങൾക്ക് ശേഷം ലോക്ക്ഡൗൺ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരും ഉദ്ദേശിക്കുന്നില്ല എന്ന് സൂചന നൽകുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ലോക്ക്ഡൗൺ അവസാനിച്ച ശേഷവും ജനങ്ങൾ പുറത്തിറങ്ങുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ നിർദേശം നൽകിയിരുന്നു. കൊവിഡ്‌ മൂലമുള്ള രോഗബാധകൾ കൂടിവരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടാൻ സർക്കാർ നിർബന്ധിതരാകുകയാണ് എന്നാണ് വിവരം. എന്നാൽ ലോക്ക്ഡൗൺ തുടർന്നാലും കാർഷിക പ്രവർത്തനങ്ങൾ, വിമാനസർവീസുകൾ എന്നിവയ്ക്ക് തടസങ്ങൾ ഉണ്ടാവുകയില്ല എന്നും സൂചനകളുണ്ട്. ഒടുവിലത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 4000 പേരെയാണ് കൊവിഡ്‌19 രോഗം ബാധിച്ചിരിക്കുന്നത്. ഇതുവരെ 109 പേർ മരണപ്പെട്ടിട്ടുമുണ്ട്.