covid19

ബീജിംഗ്: കൊവിഡിനെത്തുടർന്ന് രാജ്യത്ത് പതിനായിരങ്ങൾ മരിച്ചപ്പോഴും,​ ചൈന വൻ സാമ്പത്തിക നേട്ടം കൊയ്യുന്നതായി റിപ്പോർട്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളുടെയും സാമ്പത്തികസ്ഥിതി ശുഷ്കമായിക്കൊണ്ടിരിക്കെയാണ് ചൈനയുടെ സാമ്പത്തികലാഭത്തിന്റെ കണക്കുകൾ പുറത്തുവരുന്നത്.കൊവിഡ് ബാധിതമായ വിവിധ രാജ്യങ്ങളിലേക്കുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കയറ്റുമതിയാണ് ചൈനയുടെ സാമ്പത്തികനേട്ടത്തിന് പിന്നിൽ.

യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ പല രാജ്യങ്ങളിലും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ഉത്പാദനം ഏതാണ്ട് നിലച്ച മട്ടാണ്. അതുകൊണ്ട് ഇത്തരം ഉപകരണങ്ങൾക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. അതിനാൽ ഇവ ഇറക്കുമതി ചെയ്യുകയാണ് പല രാജ്യങ്ങളും. ഈ അവസരമാണ് ചൈന മുതലാക്കിയത്. 1.45 ബില്യൺ ഡോളറിന്റെ (ഏതാണ്ട് 11,000 കോടിരൂപ) മെഡിക്കൽ ഉപകരണങ്ങളാണ് ചൈന വിവിധ രാജ്യങ്ങളിലേക്ക് ഈ കാലയളവിൽ കയറ്റി അയച്ചത്.

കോടിക്കണക്കിന് മാസ്‌കുകൾ,​ ലക്ഷക്കണക്കിന് വ്യക്തിഗത സുരക്ഷാ കവചങ്ങൾ, ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ, വെന്റിലേറ്ററുകൾ, ടെസ്റ്റിംഗ് കിറ്റുകൾ,​ സുരക്ഷാ കണ്ണടകൾ എന്നിവയാണ് മാർച്ച് ഒന്ന് മുതൽ ഏപ്രിൽ നാല് വരെയുള്ള കാലത്ത് മാത്രം ചൈന വിദേശത്തേക്ക് കയറ്റി അയച്ചിരിക്കുന്നത്.

ചൈനയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബൽ ടൈംസാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.