wisk

കൊച്ചി: വെറും രണ്ടു മിനിറ്റുകൊണ്ട് കൊവിഡ് 19 രോഗബാധയ്ക്കുള്ള പരിശോധന പൂർത്തിയാക്കുന്ന കിയോസ്ക്കുകൾ സ്ഥാപിച്ച് എറണാകുളം ജില്ലാ ഭരണകൂടം. പേഴ്‌സണല്‍ പ്രോട്ടക്ഷന്‍ കിറ്റിന്റെ(പി.പി.ഇ) ലഭ്യതക്കുറവും ഉപയോഗിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാകുകയാണ് 'വാക്ക് ഇന്‍ സാംപിൾ കിയോസ്‌ക്' അഥവാ 'വിസ്‌‌ക്' എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം. വിസ്‌ക് ഉപയോഗിച്ച് ആരോഗ്യ പ്രവർത്തകർക്ക് സാംപിൾ ശേഖരണം നടത്താൻ വെറും രണ്ട്‍ മിനിറ്റ് മാത്രം മതി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നിരവധി പേരിൽ രോഗം സ്ഥിരീകരിക്കുകയോ സമൂഹ വ്യാപനമുണ്ടാവുകയോ ചെയ്താല്‍ സാംപിളുകൾ ശേഖരിക്കുക എന്നത് ആരോഗ്യ വകുപ്പിന് വൻ വെല്ലുവിളിയാകും. എന്നാൽ വിസ്‌കുകൾ ഉണ്ടെങ്കിൽ ഈ പ്രക്രിയ അങ്ങേയറ്റം സുഗമമാകുകയാണ് ചെയ്യുക. അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്‌കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കായി മാഗ്‌നെറ്റിക്ക് വാതില്‍, എക്സോസ്റ്റ് ഫാന്‍, അള്‍ട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

സാംപിൾ ശേഖരിച്ച ശേഷം കിയോസ്‌കില്‍ ക്രമീകരിച്ചിട്ടുള്ള കയ്യുറയും സമീപമുള്ള കസേരയും നിരന്തരം അണുവിമുക്തമാക്കും. ദക്ഷിണ കൊറിയയില്‍ കൊവിഡ് സാംപിൾ ശേഖരണത്തിനായി നിർമിക്കപ്പെട്ട കിയോസ്‌ക്കുകളുടെ മാതൃകയിലാണ് വിസ്‌കും തയ്യാറാക്കിയിരിക്കുന്നത്. നാല്‍പതിനായിരം രൂപയാണ് കിയോസ്‌കിന്റെ നിര്‍മാണചുമതല. എറണാകുളം മെഡിക്കൽ കോളേജിലാണ് ഈ സംവിധാനം ആദ്യമായി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറുമായ ഡോ.വിവേക് കുമാര്‍, ആര്‍ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, മെഡിക്കല്‍ കോളേജ് എ.ആര്‍.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്‌ക് സംവിധാനത്തിന്റെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഈ ആശയത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ.ഷാജഹാന്‍ ആശയം പ്രാവര്‍ത്തികമാക്കാന്‍ സഹായവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് യൂണിറ്റുകള്‍ സൗജന്യമായി നിര്‍മിച്ചു കൈമാറുകയും ചെയ്തു.