uae

അബുദാബി: കൊവിഡ് 19 രോഗാണു സംഹാരതാണ്ഡവമാടിയ ഇറ്റലിക്ക് സഹായമെത്തിച്ച് യു.എ.ഇ. രോഗ പ്രതിരോധത്തിന് ആവശ്യമുള്ള വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉള്ളടങ്ങിയ പത്ത് ടൺ സാധന സാമഗ്രികളാണ് ഇറ്റലിയിലേക്ക് എത്തിയത്. യു.എ.ഇയുടെ എത്തിഹാദ് വിമാനമായിരുന്നു ഈ ഉപകരണങ്ങൾ രാജ്യത്തേക്ക് എത്തിച്ചത്.

രോഗത്തെ തടഞ്ഞ് സ്വന്തം ജനതയെ രക്ഷിക്കാൻ പെടാപ്പാട് പെടുന്ന ഇറ്റലിയിലെ പതിനായിരം ജീവനക്കാർക്ക് ഈ ഉപകരണങ്ങൾ ഉപകാരമാകും. കഷ്ടത അനുഭവിക്കുന്ന രാജ്യങ്ങളെയും ജനങ്ങളെയും സഹായിക്കുന്ന യുഎഇയുടെ മനോഭാവത്തിന് രാജ്യത്തിന്റെ ജനനത്തോളം തന്നെ പഴക്കമുണ്ടെന്ന് ഇറ്റലിയിലെ യു.എ.ഇ സ്ഥാനപതി ഉമർ ഉബൈദ് അൽ ശാംസി ചൂണ്ടിക്കാണിച്ചു.

ഇതാദ്യമായല്ല യു.എ.ഇ കൊവിഡ് രോഗമുള്ള രാജ്യങ്ങളിൽ സഹായം എത്തിക്കുന്നത്. യു.എ.ഇ ചെയ്തുതന്ന ഈ സഹായം കൊവിഡിനെതിരെ പോരാടുന്ന തങ്ങളുടെ ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യമേഖലയിലെ മറ്റ് ജീവനക്കാർ എന്നിവർക്ക് അങ്ങേയറ്റം ഗുണകരമാകുമെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രിയായ ലൊയ്ഗി ഡി മായോ നന്ദി അറിയിച്ചു.

യുദ്ധസമാനമായ സാഹചര്യത്തിൽ വർത്തിക്കുന്ന തങ്ങളുടെ രാജ്യത്തേക്കെത്തിയ ഈ സഹായം ഏറെ വിലമതിക്കുന്നതാണ്. ഇത്തരം ഒരു സമയത്ത് സഹായം എത്തിച്ചുനൽകി രാജ്യത്തോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച രാജ്യങ്ങളെയൊന്നിനെയും മറക്കുകയില്ലെന്നും അദ്ദേഹം പറയുന്നു.