chandra-sekhara-rao-

ഹൈദരാബാദ്: കൊവിഡ് വൈറസ് പടരുന്നത് തടയാൻ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചതായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഇപ്പോൾ ജീവൻ രക്ഷിക്കേണ്ടതുണ്ടെന്നും സമ്പദ്‌വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാൻകഴിയുമെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

ലോക്ക്ഡൗൺ സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ റാവു ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ നമ്മുടേത് പോലെയുള്ള ഒരു രാജ്യത്ത് ലോക്ഡൗൺ അല്ലാതെ മറ്റൊരു മാർഗമില്ല. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ലോകത്ത് 22 രാജ്യങ്ങൾ 100 ശതമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായും 90 രാജ്യങ്ങൾ ഭാഗിക ലോക്ക്ഡൗൺ നടപ്പിലാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് നല്ല തീരുമാനമായിരുന്നു. അതിനാൽ നമുക്ക് പ്രതീക്ഷയോടെ ഇരിക്കാൻ കഴിഞ്ഞു. ജൂൺ മൂന്ന് വരെ ലോക്ക്ഡൗൺ തുടരണമെന്നാണ് ബി.സി.ജി സർവേ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗൺ അവസാനിക്കാന്‍ എട്ടുദിവസം കൂടി ബാക്കിയുണ്ട്.