അമ്പത് ശതമാനം പ്രമേഹരോഗികൾക്കും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് ഡയബറ്റിക് ന്യൂറോപ്പതി. പ്രമേഹം തലച്ചോറിൽ നിന്ന് പുറത്തേക്ക് വരുന്ന ഞരമ്പുകളെയോ കൈകാലുകളിലെ ഞരമ്പുകളെയോ ബാധിക്കുമ്പോഴാണ് ഇതുണ്ടാകുന്നത് . ഗ്ലൂക്കോസ് വർദ്ധനയാണ് വില്ലൻ. വർദ്ധിച്ച ഗ്ലൂക്കോസ് രാസപ്രവർത്തനങ്ങളിലൂടെ ഞരമ്പുകളിലെ പ്രോട്ടീനുകൾക്ക് കേടുണ്ടാക്കുന്നു. ഗ്ലൂക്കോസ് വർദ്ധിക്കുമ്പോൾ ചെറിയ രക്തക്കുഴലുകൾ അടഞ്ഞ് നാഡികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. കൈകാലുകളിൽ തരിപ്പ്, ചുട്ടുപുകച്ചിൽ, സൂചി കൊണ്ട് കുത്തുന്നതു പോലെയുള്ള വേദന എന്നിവയാണ് സംവേദന നാഡികളെ ബാധിക്കുന്ന ന്യൂറോപ്പതിയുടെ ലക്ഷണങ്ങൾ. പിന്നീട് വേദനയും തരിപ്പും മാറുമെങ്കിലും രോഗം മൂർച്ഛിക്കുന്ന ഘട്ടത്തിൽ തൊലിയിലെ സംവേദനശേഷി നഷ്ടപ്പെടും. പാദങ്ങളിൽ ആരംഭിക്കുന്ന രോഗലക്ഷണങ്ങൾ കണങ്കാലുകളിലേക്ക് വ്യാപിക്കും. അതേ സമയത്തു തന്നെയാണ് കൈകളിലും രോഗം പിടിമുറുക്കുക. ഗ്ലൂക്കോസ് നില കർശനമായി നിയന്ത്രിക്കുക, ഭക്ഷണ ക്രമീകരണം, വ്യായാമം, പ്രമേഹത്തിന് ഔഷധങ്ങൾ എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.