കോഴിക്കോട്: ചലച്ചിത്ര താരം ശശി കലിംഗ(55) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു മരണം. ദീർഘനാളുകളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്.
കാൽനൂറ്റാണ്ടോളം നാടകരംഗത്ത് സജീവമായിരുന്ന ശശി കലിംഗ, 'പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി, ആമേൻ, അമർ അക്ബർ അന്തോണി തുടങ്ങി നൂറിലധികം സിനികളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ 'കുട്ടിമാമ'യാണ് അവസാന ചിത്രം.
നാടകത്തെയും സിനിമയേയും കൂടാതെ സീരിയലിലും ശശി കലിംഗ അഭിനയിച്ചിട്ടുണ്ട്. 'സാക്ഷാത്കാരം' എന്ന അമ്മാവൻ വിക്രമൻ നായരുടെ 'സ്റ്റേജ് ഇന്ത്യ' നാടക ട്രൂപ്പിന്റെ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുന്ദമംഗലത്തെ വീട്ടുവളപ്പിൽ നടക്കും. പിതാവ്: ചന്ദ്രശേഖരൻ നായർ, മാതാവ്: സുകുമാരി, ഭാര്യ: പ്രഭാവതി.