ന്യൂഡൽഹി : കൊവിഡ് വ്യാപകമാകുന്നതിനിടയിലും നൂറ് കണക്കിന് വ്യാജ വാർത്തകളാണ് ദിനം പ്രതി സമൂഹ മാദ്ധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ഇത്തരം ഒരു വ്യാജ വാർത്ത തന്റെ ട്വിറ്ററിൽ പങ്കുവച്ചതിനാണ് ലഫ്.ഗവർണർ കിരണ്‍ ബേദിക്കെതിരെ ട്രോളുകളുമായി ആളുകൾ രംഗത്ത് വന്നത്. രാജ്യം ലോക്ക് സൗൺ ചെയ്തതിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട കോഴിമുട്ടകൾ ഒരാഴ്ചക്ക് ശേഷം വിരിഞ്ഞു എന്ന അടിക്കുറിപ്പ് നൽകിയാണ് കോഴി കുഞ്ഞുങ്ങളുടെ ദൃശ്യം കിരണ്‍ ബേദി പങ്കുവച്ചത്. നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ട്വിറ്റർ ഇത് വ്യാജമാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കിരണ്‍ ബേദിക്ക് എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകൾ ഇറങ്ങി തുടങ്ങിയത്. "വാട്ട്സാപ് ഉപേക്ഷിക്കൂ, ഇപ്പോൾ തന്നെ ഉപേക്ഷിക്കൂ", "ഉപയോഗശൂന്യമായ മുട്ടകൾ എങ്ങനെ വിരിയും എന്ത് യുക്തിയാണ് അതിന്" തുടങ്ങി നിരവധി കമെൻറുകളാണ് പോസ്റ്റിന് താഴെ വന്നത്. ഇതിന് മുമ്പും സമാനമായ രീതിയിൽ കിരണ്‍ ബേദി വ്യാജവാർത്ത പങ്കുവച്ചിരുന്നു. സൂര്യനിൽ നിന്നും ഓംകാര ശബ്ദം വരുന്നു എന്ന ദൃശ്യമാണ് മുമ്പ് പങ്കുവച്ചത്. ഇത് വ്യാജമാണെന്ന് ട്വിറ്റർ അപ്പോൾ തന്നെ കണ്ടെത്തിയിരുന്നു.