covid

കാസർകോട്: കൊവിഡ് 19 രോഗബാധിതരുടെ എണ്ണം ദിനപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് കൈതാങ്ങായി ജനപ്രതിനിധികൾ. ആരോഗ്യ രംഗത്ത് നൂതന ചികിത്സാ സൗകര്യം ഒരുക്കുന്നതിന് ജനപ്രതിനിധികൾ 2.63 കോടി രൂപ ജില്ലാ ഭരണകൂടത്തിന് കൈമാറും. തുക ആരോഗ്യ രംഗത്തെ ഗുണപരമായ മാറ്റങ്ങൾക്ക് വിനിയോഗിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. കൂടാതെ കെ.എസ്.ഇ.ബിയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് കാസർകോട് മെഡിക്കൽ കോളജിൽ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ കൂടി സജ്ജീകരിക്കും.

റവന്യൂ മന്ത്രി ജില്ലാ ആശുപത്രിക്ക് ഒരു കോടി രൂപ നൽകി

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് ആവശ്യമായ നൂതന സംവിധാനങ്ങൾ ഒരുക്കാൻ റവന്യൂ വകുപ്പ് മന്ത്രിയും കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എയുമായ ഇ. ചന്ദ്രശേഖരന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഫണ്ടിൽ നിന്ന് പി.പി.ഇ കിറ്റ്

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 56.25 ലക്ഷം രൂപ ചെലവഴിച്ച് പേഴ്‌സണൽ പ്രോട്ടക്ഷൻ എക്യുപ്മെന്റും സുരക്ഷാ സാമഗ്രികളും വാങ്ങും.

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ 25 ലക്ഷം രൂപ നല്കി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ 25 ലക്ഷം രൂപ നൽകി.

സുരേഷ് ഗോപി എം.പി 25 ലക്ഷം രൂപ നൽകി

രാജ്യസഭാംഗം സുരേഷ് ഗോപി പ്രാദേശിക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ ജനറൽ ആശുപത്രിയിൽ വെന്റിലേറ്ററും പോർട്ടബിൾ എക്സ്റേ മെഷീനും സ്ഥാപിക്കുന്നതിന് അനുവദിച്ചു.

ബിനോയ് വിശ്വം എം പിയുടെ 25 ലക്ഷം ജനറൽ ആശുപത്രിക്ക്

കാസർകോട് ജനറൽ ആശുപത്രിയിൽ വെന്റിലേറ്ററുകളും പോർട്ടബിൾ എക്‌സ്‌റേ യൂണിറ്റും സ്ഥാപിക്കുന്നതിന് രാജ്യസഭാംഗം ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ നല്കി.