
തിരുവനന്തപുരം: കൊവിഡ് ഭീതിയിലായ പോത്തൻകോട്ട് നിയന്ത്രണങ്ങൾക്ക് നേരിയ അയവ് വന്നെങ്കിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധനകൾ കർശനമായി തുടരുന്നു. രോഗബാധിതനായി മരണപ്പെട്ട അബ്ദുൾ അസീസുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന മുഴുവൻ പേരെയും സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഇന്നും തുടരുകയാണ്. അബ്ദുൾ അസീസുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ പൊലീസും ആരോഗ്യ പ്രവർത്തകരുടെ സഹായത്തിനുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇയാളുമായി സമ്പർക്കത്തിലുള്ളതുൾപ്പെടെ നൂറുകണക്കിനാളുകളെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തത് നാട്ടുകാർക്കും ആരോഗ്യ പ്രവർത്തകർക്കും വലിയ ആശ്വാസമേകിയിട്ടുണ്ട്.
അബ്ദുൾ അസീസിന് രോഗപ്പകർച്ച ഉണ്ടായതെങ്ങനെയെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തതാണ് ആരോഗ്യപ്രവർത്തകരെ അലട്ടുന്ന പ്രശ്നം.. വിദേശ സന്ദർശനം നടത്തിയിട്ടില്ലാത്തതിനാൽ സമ്പർക്കത്തിലൂടെയാണ് അബ്ദുൾ അസീസിന് കൊവിഡ് കിട്ടിയത്. എന്നാൽ ഇത് എവിടെ നിന്നാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അബ്ദുൾ അസീസിന്റെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണെങ്കിലും അവരിലും പോസിറ്റീവ് കേസുകളില്ല. എന്നാലും കുടുംബാംഗങ്ങളുൾപ്പെടെ പരിശോധനയ്ക്ക് വിധേയരായ എല്ലാവരും ഇപ്പോഴും ഹോം ക്വാറന്റൈനിലാണ്. കടകളുടെ പ്രവർത്തനത്തിലുൾപ്പെടെ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വരുത്തിയെങ്കിലും പ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസിന്റെ പരിശോധനകൾ ഇപ്പോഴും കർശനമായി തുടരുകയാണ്. സ്ഥലത്ത് പൊലീസ് പരിശോധനകൾക്ക് പുറമേ ഡ്രോൺ നിരീക്ഷണവും നടക്കുന്നുണ്ട്.