കോഴിക്കോട്: മലയാള സിനിമകളിലെ രസച്ചേരുവയാണ് വിട പറഞ്ഞ കലിംഗ ശശി (59)യെന്ന വി. ചന്ദ്രകുമാർ. യഥാർത്ഥ പേര് പ്രേക്ഷകർക്ക് അറിയില്ലെങ്കിലും കലിംഗ ശശിയെന്ന പേര് പോലും ഒരു അബദ്ധത്തിലൂടെ ലഭിച്ചതാണ്. നാൽപത് വർഷത്തോളമായി നാടക അഭിനയ രംഗത്തുണ്ടായിരുന്ന ഇദ്ദേഹത്തിന് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെയാണ് 'കലിംഗ' ശശിയെന്ന പേര് ലഭിച്ചത്. ഇതിന്റെ പിന്നിലെ കഥയും രസകരമാണ്.
കാൽ നൂറ്റാണ്ടിനിടെ അഞ്ഞൂറിലധികം നാടകത്തിൽ അഭിനയിച്ച ശേഷമാണ് 1998 ൽ തകരച്ചെണ്ട എന്ന സിനിമയിൽ വേഷം ലഭിക്കുന്നത്. ആ സിനിമ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് നാടകവേദിയിലേക്ക് തിരികെ പോയ ശശി പാലേരി മാണിക്യത്തിലൂടെയാണ് തിരിച്ചെത്തുന്നത്. സിനിമയ്ക്ക് വേണ്ടി മികച്ച നടന്മാരെ തിരഞ്ഞെടുക്കാൻ രഞ്ജിത്ത് കോഴിക്കോട്ട് ഇരുപതു ദിവസത്തെ ക്യാമ്പു നടത്തി. ഒട്ടേറെ നാടക കലാകാരന്മാർ അതിൽ പങ്കെടുത്തു. ഇതിലുണ്ടായിരുന്ന വിജയൻ വി. നായരെ കാണാൻ വന്നതായിരുന്നു ശശി. വിജയൻ വി. നായർ ശശിയെ രഞ്ജിത്തിന് പരിചയപ്പെടുത്തി. രഞ്ജിത്തിന്റെ നിർദേശപ്രകാരം ശശിയും ക്യാമ്പിൽ പങ്കെടുത്തു.
ഇവിടെ കുറേയേറെ ശശിമാർ ഉണ്ടായിരുന്നതിനാൽ ബ്രാക്കറ്റിൽ നാടക സമിതിയുടെ പേരുകൂടി എഴുതിച്ചേർക്കാൻ രഞ്ജിത്ത് നിർദേശിച്ചിരുന്നു. ശശിയുടെ നാടക ചരിത്രം അറിയാത്ത ആരോ ആ പേരിനൊപ്പം 'കലിംഗ' എന്നെഴുതി. അബദ്ധം മനസിലാക്കി അതു തിരുത്താൻ ശ്രമിച്ചപ്പോൾ വർക്കത്തുള്ള ആ പേര് മാറ്റേണ്ടെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. കെ.ടി മുഹമ്മദിന്റെ 'കലിംഗ തിയറ്റേഴ്‌സു'മായി ഒരു ബദ്ധവുമില്ലാത്ത ശശിയ്ക്ക് ഒടുവിൽ ആ പേര് തലവരയായി. ചിത്രം സൂപ്പർ ഹിറ്റായതോടെ ശശി ഒട്ടേറെ സിനിമകളിൽ മിന്നും താരമായി മാറി.
കേരളാകഫേ, വെള്ളിമൂങ്ങ, ആമേൻ, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ്, ഇന്ത്യൻ റുപ്പി, അമർ അക്ബർ അന്തോണി, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളില്ലെല്ലാം മറക്കാൻ പറ്റാത്ത വേഷമാണ് ശശിയ്ക്ക് ലഭിച്ചത്.
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായി 1961ൽ ജനിച്ച വി. ചന്ദ്രകുമാറിനെ വീട്ടിലെ പേരായിരുന്നു 'ശശി'. അരങ്ങിലെത്തിയപ്പോൾ സ്ഥലപ്പേരുകൂടി ചേർത്ത് 'കോഴിക്കോട് ശശി'യായത് അങ്ങനെയായിരുന്നു.
നടനാവണമെന്ന ആഗ്രഹമേ ഇല്ലായിരുന്നു ശശിക്ക്. കോഴിക്കോട് സെന്റ് ജോസഫ്‌സ് സ്‌കൂൾ, മംഗലാപുരം മിലാഗ്രസ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട്ടെ
സി.ടി.സി.യിൽ ചേർന്ന് ഓട്ടോ മൊബൈൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി. തൊഴിലന്വേഷിച്ചു നടക്കുമ്പോഴാണ് കോഴിക്കോട്ടെ പ്രൊഫഷണൽ നാടക സമിതിയായിരുന്ന 'സ്റ്റേജ് ഇന്ത്യ'യിലേക്ക് ക്ഷണിക്കുന്നത്.
ഇതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അമ്മാവൻ വിക്രമൻ നായരായിരുന്നു ക്ഷണിച്ചത്. എന്തെങ്കിലും ജോലികിട്ടും വരെ കൂടെ കൂടാനായിരുന്നു ഉപദേശം. 'സൂത്രം' എന്ന നാടകത്തിന്റെ സെറ്റ് തയ്യാറാക്കുന്നതിൽ ശശി സഹായിച്ചു. ശശിയുടെ അഭിനയശേഷി കണ്ടറിഞ്ഞ വിക്രമൻ നായർ, കെ.ടി.യുടെ 'സാക്ഷാത്കാര'ത്തിൽ പൊലീസുകാരന്റെ വേഷം നൽകി. തുടർന്ന് 'സാക്ഷാത്കാര'ത്തിലും 'സ്ഥിതി'യിലും 'മത'മെന്ന കഥാപാത്രമായി. എന്നാൽ, പി.എം. താജിന്റെ 'അഗ്രഹാര'മാണ് ഒരു നടനെന്നനിലയിൽ ശശിക്ക് ആദ്യ അംഗീകാരം നേടിക്കൊടുത്തത്. അതിലെ ശേഷാമണി ജനസമ്മതി നേടി. 900 ലേറെ വേദികളിൽ കളിച്ച് ചരിത്രം സൃഷ്ടിച്ച നാടകമായിരുന്നു അത്. രണ്ടായിരത്തിൽ 'സ്റ്റേജ് ഇന്ത്യ' വിട്ട് ശശി മറ്റു പ്രൊഫഷണൽ നാടകസമിതികളിൽ കുറച്ചുകാലം സഹകരിച്ചു.
ഒരു വർഷം 'ഏഷ്യാനെറ്റി'ലെ 'മുൻഷി'യിൽ 'പണ്ഡിറ്റാ'യി വേഷമിട്ടു. തിരക്കേറിയ ഷെഡ്യൂളും കുറഞ്ഞ വരുമാനവും മൂലം അദ്ദേഹം അത് തുടർന്നില്ല. മമ്മൂട്ടിയോടൊപ്പമുള്ള 'പ്രാഞ്ചിയേട്ടനി'ലെ 'ഇയ്യപ്പനും' കൂടി
വന്നതോടെ സിനിമാലോകത്ത് അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. 'ഇടുക്കി ഗോൾഡി'ൽ 'ശവ'മായിപ്പോലും അഭിനയിച്ചു. ഇതുവരെ 250തിൽപ്പരം സിനിമകളിലാണ് വേഷമിട്ടത്. പ്രഭാവതിയാണ് ഭാര്യ.