കൊല്ലം: ലോക് ഡൗൺകാലത്ത് പൊതുമേഖലാ സ്ഥാപനമായ അഞ്ചൽ ഭാരതീപുരത്തെ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ പ്രവർത്തനം തുടങ്ങി. മാർച്ച് 25 മുതൽ നിർത്തിവച്ചിരുന്ന ജോലികളാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഓയിൽപാമിന്റെ പ്രവർത്തനം നിലച്ചത് മുന്നോട്ടുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും പനങ്കുലകൾ നശിക്കുന്ന സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടി മാനേജ്മെന്റ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ ഉത്തരവോടെ പനങ്കുലകൾ വെട്ടിയെടുക്കുന്ന ജോലികൾ തുടങ്ങിയത്. ഓരോ എണ്ണപ്പനയിലും പാകമായ നാലും അഞ്ചും കുലകളുണ്ട്. ഇവ കൃത്യമായി വെട്ടിയില്ലെങ്കിൽ കുലകൾ നശിച്ചുപോകും. കുലകൾ ശേഖരിക്കുന്നതിനായി 15 ഏക്കറിൽ നാല് തൊഴിലാളികൾ വീതമാണ് കമ്പനി മാനേജ്മെന്റ് നിയമിച്ചിട്ടുള്ളത്. ഇപ്പോൾ ഇതിൽ കൂടുതൽ തൊഴിലാളികൾ എണ്ണപ്പന തോട്ടത്തിലുണ്ട്. ഹാർവെസ്റ്റിംഗ് ജോലികൾക്ക് എത്തിയ മുഴുവൻ തൊഴിലാളികൾക്കും സുരക്ഷാ നിർദ്ദേശങ്ങളും മുഖാവരണവും അണുനാശിനികളും മാനേജ്മെന്റ് നൽകിയിട്ടുണ്ട്.