പാറശാല: ജീവൻ രക്ഷാമരുന്നിനായി കേണ കാൻസർ രോഗിക്ക് മരുന്നുമായി കേരള ഫയർഫോഴ്സ് സംഘം പാഞ്ഞെത്തി. മാർത്താണ്ഡം ഗവണ്മെന്റ് ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ കഴിയുന്ന രോഗിക്കാണ് കിലോ മീറ്ററുകൾ അകലെ നിന്ന് മണിക്കൂറുകൾക്കകം മരുന്നെത്തിച്ചത്. ഷിമോഗയിൽ നിന്ന് അമൃത ഹോസ്പിറ്റലിൽ എത്തിയ ജീവൻ രക്ഷാമരുന്ന് അവിടെ നിന്ന് ഗാന്ധിനഗർ ഫയർ സ്റ്റേഷന് കൈമാറി. അവരുടെ പക്കൽനിന്നും ആലപ്പുഴ ടീമംഗങ്ങളായ അശോക് ചന്ദ്രനും എ.ഡി. പ്രിയധരനും കായംകുളത്തും അവിടെ നിന്ന് കൊല്ലം ടീം അംഗങ്ങളായ എഫ്.ഡി ജോസും വിമൽ കുമാറും ചേർന്ന് ചെങ്കൽ ചൂളയിലും മരുന്നെത്തിച്ചു. അവിടെ നിന്ന് നെയ്യാറ്റിൻകര ബോയ്സ് സ്കൂളിലെ ഫയർ ആൻറ് റസ്ക്യൂ കൊവിഡ് - 19കൺട്രോൾ റൂം ഉദ്യോഗസ്ഥരും, നെയ്യാറ്റിൻകര എം.എൽ.എ.കെ.ആൻസലനും ചേർന്ന് മരുന്ന് കൃത്യ സമയത്ത് മാർത്താണ്ഡത്തെ ആശുപത്രിയിൽ എത്തിച്ചുനൽകുകയുമായിരുന്നു.