കേപ്ടൗൺ: ഡാൻസ്, പാട്ട്, മൊട്ടയടി.... ക്വോറന്റൈൻ ചലഞ്ചുകളുടെ ലിസ്റ്റ് നീളുകയാണ്. ഇക്കൂട്ടത്തിലേക്ക് പുതിയെ ഒരു ചലഞ്ച് കൂടി കഴിഞ്ഞ ദിവസം എത്തി. 'കോർ ക്രഷർ' . പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പുതിയ ചലഞ്ചുമായി രംഗത്ത് എത്തിയത്. കിടന്നുകൊണ്ട് കാൽ ഉയർത്തി കൈകൊണ്ട് കാലിൽ തൊടുന്ന വ്യായമമാണ് 'കോർ ക്രഷർ'. 45 സെക്കൻഡിൽ റൊണാൾഡോ 142 തവണയാണ് ഇങ്ങനെ ചെയ്തത്. ഇതിന്റെ വീഡിയോ പങ്കുവെച്ച റോണോ മറ്റ് കായികതാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.
മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസും ഡിയോഗോ ഡലോട്ടും വെല്ലുവിളി ഏറ്റെടുത്തെങ്കിലും അവർക്കാർക്കും റോണോയെ മറികടക്കാനായില്ല. 45 സെക്കൻഡിൽ ബ്രൂണോ ഫെർണാണ്ടസിന് 117 തവണയും ഡിയോഗോ ഡലോട്ടിന് 105 തവണയുമാണ് ഇത് ചെയ്യാനായത്. എന്നാൽ ദക്ഷിണാഫ്രിക്കയുടെ മദ്ധ്യദൂര ഓട്ടക്കാരി കാസ്‌റ്റെർ സെമന്യ റൊണാൾഡോയുടെ റെക്കോഡ് മറികടന്നു. 45 സെക്കൻഡിൽ 176 തവണ സെമന്യ തന്റെ കാലിൽ തൊട്ടു. സൂപ്പർ താരങ്ങളെല്ലാം തന്നെ വീടിനുള്ളിൽ കുടുങ്ങിപ്പോയതോടെ അന്താരാഷ്ട്ര കമ്പനിയായ നൈക്കിയാണ് ലിവിംഗ് റൂം കപ്പ് ചലഞ്ചുമായി രംഗത്ത് എത്തിയത്. വീടിനുള്ളിലാണെങ്കിലും വ്യായാമത്തിലൂടെ ഫിറ്റ്‌നസ് നിലനിർത്താൻ ആഹ്വാനം ചെയ്തുള്ളതാണ് ഈ ചലഞ്ച്.