kaumudy-news-headlines

1. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ കൊവിഡ് രോഗബാധിതരായ മലയാളി നഴ്സുമാര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചു. ഒന്‍പത് മലയാളി നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത് ഇടപഴകിയവര്‍ നിരീക്ഷണത്തിലാണ്. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതും നിരീക്ഷണത്തില്‍ കഴിയമ്പോഴും ഡ്യൂട്ടി ചെയ്യേണ്ടിവരുന്നതും ആണ് രോഗവ്യാപനത്തിന് ഇടയാക്കിയത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. മലയാളികളായ നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കാര്യത്തില്‍ കേരളത്തിന്റെ ഇടപെല്‍ ഉണ്ടാവണം എന്ന് ആവശ്യം ഉയര്‍ന്നിരുന്നു.


2. ലോക്ഡൗണ്‍ തുടരുമ്പോഴും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 4281 പേര്‍ക്ക് ആണ് രാജ്യത്ത് രോഗം ബാധിച്ചത്. കൊവിഡ് മരണം 111 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. 704 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കായി. രോഗബാധിതരില്‍ 30% തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രസര്‍ക്കാരിന് വെല്ലുവിളിയാവുന്നു. ഇന്ന് ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവിയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ അച്ഛനും സഹോദരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി. ഇതിലൊരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു. മുംബയ് നലാസപോരയിലെ ഗര്‍ഭിണിയായ യുവതിയാണ് ഇന്നലെ മരിച്ചത്. ഇതുവരെ 868 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്, തെലുങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കൊവിഡ് കേസുകളും വര്‍ധിക്കുകയാണ്.
3. തെലുങ്കാനയില്‍ 321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 172 പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 25,000 പേര്‍ ക്വാറന്റൈനില്‍ നിരീക്ഷണത്തിലാണ്. മധ്യപ്രദേശില്‍ 63 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ പുതുതായി 120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണോ എന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ്. എന്നാല്‍, ഇത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
4.കൊവിഡ് വൈറസ് വ്യാപനം അനുനിമിഷം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ജപ്പാന്‍. രാജ്യ തലസ്ഥാനമായ ടോക്കിയോ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ അടിയന്തര അവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നോ നാളെയോ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കി. ആകെ വൈറസ് ബാധിതരുടൈ എണ്ണം സംബന്ധിച്ച കണക്കുകള്‍ പ്രകാരം ജപ്പാന്‍ 34-ാമതാണ്. 3,654 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചിട്ടുള്ളത്. 85 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്
5.അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്നര ലക്ഷത്തിനടുത്തായി. അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 1200 പേരാണ്. അമേരിക്കയിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുന്നത്. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം മരിച്ചത് 830ലേറെ പേരാണ്. രണ്ടാം ലോക മഹായുദ്ധാനന്തരം ഉണ്ടായ മാന്ദ്യത്തിന് സമാന സ്ഥിതിയിലേക്ക് രാജ്യം നീങ്ങുക ആണെന്ന് ഫ്രഞ്ച് ധനമന്ത്രി പറഞ്ഞു
6. ഇറ്റലിയില്‍ കൊവിഡ് മരണം 16,500 കടന്നു. 24 മണിക്കൂറിനിടെ മരിച്ചത് 636 പേരാണ്. സ്‌പെയിനില്‍ ആകെ മരണം 13,400 ന് അടുത്തെത്തി. ഇന്നലെ മാത്രം മരിച്ചത് എഴുനൂറ് പേരാണ്. അതിനിടെ, ലക്ഷണങ്ങള്‍ ഇല്ലാത്തവരിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ സ്‌പെയിന്‍ ഭരണകൂടം നടപടി തുടങ്ങി. അടച്ചിടല്‍ നടപടി എടുത്തു മാറ്റണമെങ്കില്‍ ഇത്തരം നീക്കങ്ങളുണ്ടായേ പറ്റൂവെന്ന് സ്‌പെയിന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
7.റോക്കറ്റു പോലെ മുകളിലേക്ക് കുതിച്ച് ഉയര്‍ന്ന സ്വര്‍ണ വില സര്‍വകാല റെക്കാഡില്‍. പവന് 800 രൂപ വര്‍ധിച്ച് 32,800 രൂപയായി. ഒരു ഗ്രാമിന് 4,100 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം ആറിന് 32,320 രൂപയില്‍ എത്തിയത് ആയിരുന്നു ഇതിനു മുന്‍പുണ്ടായ കൂടിയ വില