covid

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യശാലകൾ അടച്ചുപൂട്ടുകയും നാടാകെ വ്യാജ മദ്യ നിർമ്മാണം തകൃതിയാകുകയും ചെയ്തതോടെ വാറ്റുകാരെയും വിൽപ്പനക്കാരെയും തൊണ്ടി സഹിതം പൊക്കാൻ എക്സൈസും ഡ്രോൺ പരിശോധന നടത്തും.

ആളൊഴിഞ്ഞ സ്ഥലങ്ങളിലും വനമേഖലകളിലും വാറ്റും വിൽപ്പനയും വ്യാപകമായതോടെയാണ് നേരിട്ടുള്ള പരിശോധനകൾക്കൊപ്പം വിജന പ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഡ്രോൺ നിരീക്ഷണത്തിന് എക്സൈസ് തീരുമാനിച്ചത് . ഇതിന്റെ ഭാഗമായി നിരോധനാജ്‌ഞയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ഡ്രോൺ പരീക്ഷണം മദ്യനിർമ്മാണത്തിനും വിൽപ്പനയ്ക്കും കുപ്രസിദ്ധമായ സ്ഥലങ്ങളിലും കള്ള് ഷാപ്പുകളുൾപ്പെടെ മദ്യവിൽപ്പന ശാലകളുടെ പരിസരത്തും നടത്താനാണ് നീക്കം. വാറ്റും വിൽപ്പനയും നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് പലപ്പോഴും കുറ്റവാളികൾ ഓടിപ്പോകുന്നതിനാൽ പല കേസുകളിലും പ്രതികളെ തിരിച്ചറിയാനോ പിടികൂടാനോ കഴിയാത്ത സാഹചര്യമുണ്ട്.

എന്നാൽ ഡ്രോണുപയോഗിച്ച് പരിശോധന നടത്തുമ്പോൾ മദ്യനിർമ്മാണവും വിൽപ്പനയുമെല്ലാം തെളിവ് സഹിതം ലഭിക്കും. ഇത് കേസ് അന്വേഷണത്തിലും കുറ്റപത്ര സമർ‌പ്പണത്തിലും നിർണായകമാകുകയും ചെയ്യും. പ്രദേശത്തെ സ്റ്റുഡിയോകളിൽ നിന്ന് ഡ്രോണുകൾ വാടകയ്ക്കെടുത്താകും പരിശോധന.

മദ്യശാലകൾ അടഞ്ഞതോടെ സംസ്ഥാനത്താകമാനം വാറ്രും വിൽപ്പനയും ശക്തമായിട്ടുണ്ട്. കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് ഉപയോഗിച്ച് വ്യാജ വിദേശമദ്യനിർമ്മാണവും പലയിടത്തും തകൃതിയാണ്. ലോക്ക് ഡൗണിനുശേഷം കഴിഞ്ഞ 24 മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 400 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 106 പ്രതികൾ അറസ്റ്രിലായി. 42,593 ലിറ്റർ കോട,250 ലിറ്റർ ചാരായം, 2 ലിറ്റർ സ്പിരിറ്റ്, 503 ലിറ്റർ വ്യാജ വിദേശമദ്യം എന്നിവ ഇതിനോടകം പിടികൂടി. കല്ലുവാതുക്കലും, കുപ്പണയുമുൾപ്പെടെ മദ്യ ദുരന്തത്തിന് കുപ്രസിദ്ധമായ കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 67 കേസുകളാണ് കൊല്ലം ജില്ലയിൽ വിവിധ എക്സൈസ് റേഞ്ചുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിർദേശം നൽകി

വ്യാജമദ്യവും വിൽപ്പനയും വ്യാപകമായതോടെ സംസ്ഥാനത്താകമാനം എക്സൈസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെല്ലാം നിരീക്ഷണത്തിലാണ്. പുതുമുഖങ്ങളെ പിടികൂടാനും കർശന പരിശോധന നടന്നുവരികയാണ്. മദ്യനിർമ്മാണവും കടത്തും വിൽപ്പനയും തടയാൻ ഡ്രോണുൾപ്പെടെ പരിശോധനയ്ക്ക് നൂതനമായ മാർഗങ്ങളും അവലംബിച്ചിട്ടുണ്ട്. അതിർത്തി പട്രോളിംഗും റെയ്ഡുകളും ശക്തമാക്കാനും ദുരന്തങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടികൾ ഊർജിതമാക്കാനും എക്സൈസിന് നിർദേശം നൽകിയിട്ടുണ്ട്.

സാം ക്രിസ്റ്റി ഡാനിയൽ, അഡീ.. എക്സൈസ് കമ്മിഷണർ