അമരം സിനിമ ഒരിക്കലെങ്കിലും കണ്ടവർക്ക് അച്ചൂട്ടിയെയും അവന്റെ മുത്തിനെയും മറക്കാനാകില്ല. മുത്തിനെ പഠിപ്പിച്ച് ഡോക്‌ടറാക്കണമെന്നായിരുന്നു അച്ചൂട്ടിയുടെ ആഗ്രഹം. പക്ഷേ വിധി അവൾക്കായി കരുതി വച്ചത് മറ്റൊന്നാണ്, പ്രണയത്തിന്റെ കൈപ്പിടിച്ച് അച്ചൂട്ടിയെ മറന്ന് അവളും അരയന്റെ പെണ്ണായി. ഒടുവിൽ അച്ചൂട്ടി കണ്ട സ്വപ്‌നങ്ങളെല്ലാം പാഴായി. ഇത് സിനിമാക്കഥയാണ്. എന്നാൽ അതിനെ വെല്ലുന്ന മറ്റൊരു കഥയാണ് മൂന്ന് പതിറ്റാണ്ടിനിപ്പുറം അതേ പുറക്കാട് തീരത്ത് നടന്നത്. അവിടെയും ഇതുപോലെ സ്വപ്‌നം കണ്ടൊരു അച്‌ഛനും മകളുമുണ്ട്, വേണി എന്ന് പേരുള്ള ആ മുത്തിന് അരയന്റെ പെണ്ണാകാനിയിരുന്നില്ല ഇഷ്‌ടം. അച്‌ഛനും അവളും ഒരുപോലെ കണ്ടിരുന്ന ആ സ്വപ്‌നം അവൾ യാഥാർത്ഥ്യമാക്കി. ആ മുത്ത് ഇന്ന് ഡോക്‌ടറാണ്. തീരപ്രദേശത്തെ കരൂർ ചീനാത്ത് പറമ്പെന്ന കൊച്ചുവീട്ടിലിരുന്ന് അച്‌ഛനമ്മമാരായ വേണുവും പ്രസന്നയും അവളെ ഓർത്ത് അഭിമാനിക്കുകയാണിപ്പോൾ.
അഭിമാനമാണ് ഈ മുത്ത്
പാലക്കാട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന വേണി വേണു എന്ന ഇരുപത്തിമൂന്നുകാരി ജീവിതപ്പടവുകൾ കയറുമ്പോൾ ഇങ്ങ് പുറക്കാട് തീരത്ത് ഓരോ കടലിരമ്പവും അവളുടെ പേര് ഏറ്റുവിളിക്കുന്നതായി തോന്നും. ഓരോ അരയനും അവൾ തങ്ങളുടെ മുത്താണ്, അഭിമാനമാണ്. സ്വപ്‌നമായിരുന്നെങ്കിലും മുന്നോട്ട് തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും ഒരാൾ ഡോക്‌ടറാവുക. സ്വപ്‌നത്തിൽ പോലും പലരും കാണാൻ മടിക്കുന്ന കാര്യം. അതും കുടുംബത്തിന്റെ നട്ടെല്ലായ മത്സ്യബന്ധനം കടുത്ത പ്രതിസന്ധികൾ നേരിടുന്ന സമയത്ത്. സാമ്പത്തികമടക്കം വെല്ലുവിളികൾ നിരവധിയായിരുന്നു. എന്നിട്ടും ആ അച്‌ഛനും മകളും തങ്ങൾ കണ്ട സ്വപ്‌നത്തിൽ നിന്നും പിന്മാറിയില്ല. കടലിൽ പോയി മത്സ്യവുമായി മടങ്ങിയെത്തുന്ന വേണു എന്ന അച്‌ഛന്റെ കരളുറപ്പിന് മുന്നിൽ എല്ലാ തടസങ്ങളും വഴിമാറി. എല്ലാ കഷ്‌ടപ്പാടുകൾക്കിടയിലും കുടുംബം ഒപ്പമുണ്ടെന്ന ധൈര്യത്തിൽ അവൾ പഠിച്ചു, ഡോക്‌ടറായി. പിന്നിട്ട വഴികൾ ആഴക്കടലിനോട് മല്ലിട്ട് നിത്യചെലവിനുള്ളതുമായി തിരിച്ചെത്തുന്ന അച്‌ഛൻ. ഉറുമ്പ് സ്വരുക്കൂട്ടുന്നത് പോലെ എല്ലാം കൂട്ടിവെയ്‌ക്കുന്ന അമ്മ. തന്നെ മാതൃകയാക്കുന്ന കളിക്കൂട്ടുകാരനായ അനിയൻ. ഡോക്‌ടറെന്ന അവളുടെ സ്വപ്‌നത്തിന് ഊർജം പകരാൻ ഈ സാഹചര്യങ്ങൾ ധാരാളമായിരുന്നു. പിന്തിരിപ്പിക്കാനും ഇത് നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നും പറഞ്ഞവരുണ്ട്, പക്ഷേ മകളുടെ മനസും കഴിവും തിരിച്ചറിഞ്ഞ കുടുംബം മുന്നും പിന്നും നോക്കിയില്ല. മുണ്ടുമുറുക്കിയുടുത്ത് വാശിയോടെ തന്നെ അവർ അവളെ പഠിപ്പിച്ചു.
എല്ലാം യാദൃശ്ചികം
പുറക്കാട്ടെ സർക്കാർ വിദ്യാലയങ്ങളിൽ മിടുമിടുക്കിയായി പഠനം തുടരുമ്പോഴൊന്നും ഡോക്‌ടറാവുക എന്ന മോഹം തന്നിൽ ഉണ്ടായിരുന്നില്ലെന്ന് വേണി പറയുന്നു. പഠിച്ച് സ്വന്തമായി ഒരു ജോലി, അച്‌ഛനെയും അമ്മയെയും നോക്കണം. അതായിരുന്നു ആഗ്രഹം. പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് അടുത്തുള്ള കോച്ചിംഗ് സെന്ററിൽ ജോലി ചെയ്യുന്ന ബന്ധുവാണ് പരിശീലനത്തിന് ചേരുന്ന കാര്യം സൂചിപ്പിച്ചത്. പഠിക്കാനുള്ള ആഗ്രഹത്തിനെക്കാൾ മുകളിലായിരുന്നു സാമ്പത്തികം എന്ന കടമ്പ. എന്റെ താത്പര്യം മനസിലാക്കിയതോടെ എങ്ങനെയും വിടാം എന്ന് അച്‌ഛനമ്മമാർ പറയുകയായിരുന്നു, ഇന്നിപ്പോൾ ഏറ്റവും കടപ്പെട്ടിരിക്കുന്നതും അവരോടാണ്. പെൺകുട്ടിയായിരുന്നിട്ടും എന്നെ സ്വപ്‌നം കാണാൻ പഠിപ്പിച്ചത് അവരാണ്, വീട്ടിലെ ഒരു ബുദ്ധിമുട്ടും എന്നെ അറിയിച്ചിട്ടില്ല -വേണി പറയുന്നു. തിരുവല്ല ദർശന അക്കാഡമിയിലായിരുന്നു പരിശീലനം. ബന്ധു അവിടെ സ്റ്റാഫായതിനാൽ ഫീസിനത്തിൽ ഇളവ് കിട്ടിയത് ആശ്വാസകരമായിരുന്നു. പഠിച്ച് തുടങ്ങിയപ്പോൾ താത്പര്യവും വാശിയും കൂടി. രാത്രിയിലൊക്കെ ടൈംടേബിൾ സെറ്റ് ചെയ്‌ത് പഠിക്കാനാരംഭിച്ചു. എൻട്രൻസ് എഴുതിയപ്പോൾ വലിയ ടെൻഷൻ ഉണ്ടായിരുന്നു. മാതൃകയാക്കാൻ ആരുമുണ്ടായിരുന്നില്ല, വിജയിക്കണമെന്ന വാശിയിൽ പഠിച്ചു, റിസൽട്ട് വന്നപ്പോഴാണ് ആശ്വാസമായത്. ആദ്യ ചാൻസിൽ തന്നെ കിട്ടി. അങ്ങനെയാണ് പാലക്കാട് മെഡിക്കൽ കോളേജിലെത്തിയത്. പിന്നീടുള്ളത് ഉറക്കമൊഴിഞ്ഞ രാത്രികളും കുറേ കഷ്‌ടപ്പാടുകളുമായിരുന്നു.
ആശ്വാസത്തുരുത്തിൽ
ആദ്യ അവസരത്തിൽ തന്നെ മെരിറ്റിൽ വിജയിച്ചതോടെ തീരദേശത്ത് ആഘോഷമാരംഭിച്ചു. ആദ്യമായിട്ടാണ് ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ മെഡിസിന് സീറ്റ് ഉറപ്പിച്ചത്. എന്നേക്കാൾ സന്തോഷം അവർക്കായിരുന്നു. അവർക്ക് ഞാൻ മുത്താണ്, അച്ചൂട്ടിയുടെ മുത്തിന് സാധിക്കാതെ പോയ നേട്ടം എനിക്ക് കൈയെത്തിപ്പിടിക്കാൻ കഴിഞ്ഞപ്പോൾ നാട് ഒന്നാകെ സന്തോഷിക്കുകയായിരുന്നു. ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്, ഇ ഗ്രാൻഡിന്റെ ആനുകൂല്യങ്ങൾ ലഭിച്ചതിനാൽ പഠനച്ചെലവും ഹോസ്റ്റൽ ഫീസും ഒഴിവായി കിട്ടി. അത് വലിയ ആശ്വാസമായിരുന്നു. പുസ്‌തകങ്ങൾക്കു വേണ്ടി മാത്രമേ പണം ചെലവാക്കേണ്ടി വന്നിട്ടുള്ളൂ. ഇപ്പോൾ പലർക്കും ഞാനൊരു മാതൃകയാണെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. നാട്ടിൽ തന്നെ പലരും ചെറിയ കുട്ടികളോട് വേണിച്ചേച്ചിയെ കണ്ടു പഠിക്കൂ എന്നൊക്കെ പറയുമ്പോൾ സത്യത്തിൽ എനിക്ക് ഇത്തിരി ചമ്മൽ തോന്നും. എന്നാലും അവരോടൊക്കെ വാശിയോടെ പഠിക്കണമെന്ന് ഞാൻ പറയാറുണ്ട്. സ്വപ്‌നം കാണുന്നത് ഒരു ശീലമാക്കണം. എന്നായാലും ആ സ്വപ്‌നം നമ്മളെ തേടിയെത്തുമെന്ന് എനിക്ക് സ്വന്തം ജീവിതത്തിലൂടെ മനസിലായി.
ആദ്യ ദിനം തേടിയെത്തിയ ദുഃഖ വാർത്ത
എല്ലാ സ്വപ്‌നങ്ങളും നെഞ്ചിലേറ്റി പാലക്കാട് മെഡിക്കൽ കോളേജിലെത്തിയ വേണിയെ ആദ്യ ദിവസം തന്നെ കാത്തിരുന്നത് തീരപ്രദേശത്തെ വീട്ടിൽ കടൽകയറിയെന്ന വാർത്തയാണ്. വേണിയെ പാലക്കാട് ആക്കിയ ശേഷം ഏറെ വൈകിയാണ് കുടുംബം പുറക്കാട് കരൂരിലെ വീട്ടിലെത്തിയത്. പുലർച്ചയോടെ തിളച്ച് പൊന്തുന്ന ശബ്‌ദം കേട്ടാണ് വേണുവും പ്രസന്നയും ഇളയ മകൻ വിവേകും ഞെട്ടി ഉണരുന്നത്. കണ്ണ് തുറക്കുമ്പോൾ വീടിനുള്ളിൽ മുട്ടറ്റം വെള്ളമായിരുന്നെന്ന് പ്രസന്ന പറയുന്നു. സുനാമിയാണെന്നാണ് ആദ്യം കരുതിയത്. കരിഞ്ഞ മണം വന്ന ഭാഗത്ത് നോക്കുമ്പോൾ അടുക്കളയിലെ ഫ്രിഡ്‌ജ് നിന്ന് കത്തുന്നു. സംയമനം കൈവിടാതെ മെയിൻ സ്വിച്ച് ഓഫാക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. കടൽവെള്ളത്തിനൊപ്പം മണ്ണും മാലിന്യങ്ങളും വീടിനുള്ളിലും പ്രദേശത്തും ദിവസങ്ങളോളം തങ്ങി നിന്നു. വേണി പുറപ്പെടുന്നതിന് മുമ്പായിരുന്നു അപകടമെങ്കിൽ ഒരുപക്ഷേ വിധി തന്നെ മറ്റൊന്നാകുമായിരുന്നു എന്ന് പറയുകയാണ് അമ്മ പ്രസന്ന. നാട്ടിലെ കടൽകയറ്റം തന്റെ മനസിനുണ്ടാക്കിയ വേവലാധികൾ ചെറുതല്ലെന്ന് വേണിയും പറയുന്നു. സ്വപ്‌നങ്ങൾ ഇനിയുമേറെ ഹൗസ് സർജൻസി എത്രയും വേഗം പൂർത്തിയാക്കി നല്ലൊരു ഡോക്‌ടർ എന്ന പേര് സ്വന്തമാക്കണം. നാട്ടിലേക്ക് വരണമെന്നാണ് ആഗ്രഹം. ഒരുപാട് പേരെ സഹായിക്കാനുണ്ട്, എന്നെ സഹായിച്ചവരെയൊക്കെ തിരിച്ച് ഇങ്ങനെയല്ലേ എനിക്ക് സഹായിക്കാൻ കഴിയുക എന്നാണ് വേണി ചോദിക്കുന്നത്. കഷ്‌ടപ്പെടാൻ ഒരു മനസുണ്ടെങ്കിൽ വിജയം ആർക്കും സ്വന്തമാക്കാമെന്നാണ് വേണുവിന്റെ ഈ മുത്ത് പറയുന്നത്. ഒരാൾക്കെങ്കിലും പ്രചോദനമാകാൻ തനിക്ക് കഴിഞ്ഞാൽ അതിലും വലിയ ഭാഗ്യം മറ്റൊന്നില്ലെന്നും വേണി പറയുന്നു. പുറക്കാട്ടിലെ ഓരോ അരയ കുടുംബവും ഇപ്പോൾ തങ്ങളുടെ മുത്തിന്റെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ്. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയ്‌ക്കിടയിലും വേണി തന്റെ സ്വപ്‌നം പൂർത്തിയാക്കാനുള്ള യാത്ര തുടരുകയാണ്.