കൂട്ടുപുഴ: കർണാടക ഉയർത്തിയ മുടന്തൻ ന്യായങ്ങളിൽ കുടുങ്ങിക്കിടന്ന കൂട്ടുപുഴയിലെ പുതിയ പാലത്തിന് വീണ്ടും പ്രതീക്ഷ. വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് വകുപ്പിന്റെ അനുമതി ലഭിച്ചത്. സണ്ണി ജോസഫ് എം.എൽ.എയടക്കം നിരന്തരം ഇടപെട്ടതോടെയാണ് ഫലമുണ്ടായതെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി ജസീർ അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ ബംഗൂളുരുവിൽ ചേർന്ന റീജിയണൽ എംപവേർഡ് കമ്മിറ്റി പാലം നിർമ്മാത്തിന് വകുപ്പിന്റെ അനുമതി ഉണ്ടോയെന്ന് ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഈ സാങ്കേതിക തടസവും മറികടക്കാനായത്. ഇതോടെ ഫോറസ്റ്റ് ക്ലിയറൻസും ലഭിക്കും. ഒരാഴ്ചയ്ക്കകം ഇതിൽ ഉത്തരവ് ഇറങ്ങുന്നതോടെ റീജിയണൽ എംപവേർഡ് കമ്മിറ്റിയെ വീണ്ടും സമീപിക്കാനാകും. വന്യ ജീവി സങ്കേതത്തിന്റെ നൂറുമീറ്റർ ചുറ്റളവിൽ എന്ത് നിർമ്മാണം നടത്താനും അനുമതി വേണമെന്ന വ്യവസ്ഥയായിരുന്നു പ്രശ്നങ്ങൾ സൃഷ്ടിച്ചത്. അതേസമയം കേരളത്തിന്റെ ഭൂമിയിൽ കർണ്ണാടക ഉന്നയിക്കുന്ന അവകാശ വാദത്തിന് ഇതുവരെ പരിഹാരമായിട്ടുമില്ല. പത്താം നമ്പർ അജണ്ട ആയാണ് ഇത് യോഗം പരിഗണിച്ചത്.
കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കൂട്ടുപുഴയിലെയും ഇരിട്ടിയിലെയും പുഴയ്ക്ക് കുറുകെ പുതിയ പാലങ്ങൾ നിർമ്മാണം ആരംഭിച്ചത്. പെരുമ്പാവൂരിലെ നിർമ്മാണ കമ്പനിയ്ക്കായിരുന്നു ചുമതല. പ്രതിസന്ധിയായതോടെ പണിയിൽ നിന്നും ഒഴിവാക്കി തരണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ എയർപോർട്ടിലേക്ക് കുടകിലെ ജനങ്ങൾ സുഗമമായി എത്താനും ചരക്ക് ഗതാഗത സൗകര്യം കൂടാനും ഇവിടത്തെ വികസനം സഹായിക്കും. ഇത് തങ്ങൾക്ക് ഭീഷണിയാകും എന്നതാണ് കർണാടകയുടെ കണ്ണുകടിയ്ക്ക് ഇടയാക്കിയത്.