" ദാ പിന്നേം വന്നു...നിന്നെക്കൊണ്ട് ശല്യമായല്ലോ രൺബീറെ...
ആ പഴഞ്ചൻ കണ്ണടയല്ലേ...അമിത് ജിയോടു പറയൂ..., ഞങ്ങളുടെയൊക്കെ കൈയിലുള്ള പോലെ നല്ല സൺഗ്ളാസ് വാങ്ങി വയ്ക്കാൻ."
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടേതാണ് ഈ വാക്കുകൾ. അവിടെ നിറുത്തുന്നില്ല മമ്മൂട്ടി. മുമ്പിലിരിക്കുന്ന സ്റ്റൈൽ മന്നൻ രജനി കാന്തിനോട് പറയുന്നുണ്ട്- "ആശാനേ... ആശാന്റെ കൈയിൽ കുറെ ഗ്ലാസില്ലേ? ഒരെണ്ണം അദ്ദേഹത്തിനു കൊടുക്ക് ..." ഇതു കേട്ടതും രജനീകാന്ത് തന്റെ കൂളിംഗ് ഗ്ലാസ് എറിഞ്ഞുപിടിക്കുന്നു .ബച്ചന്റെ ഗ്ലാസ് തിരയാൻ തനിക്ക് സ്വന്തം കണ്ണട വേണമെന്നാണ്' മോഹൻലാൽ പറയുന്നത്.
കൊവിഡ് ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന ബിഗ് ബി അമിതാഭ് ബച്ചന്റെ കാണാതാകുന്ന സൺഗ്ളാസ് തിരയാൻ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒന്നടങ്കം ഒരുമിക്കുന്ന ഹ്രസ്വചിത്രത്തിൽ നിന്നാണ് ഈ ദൃശ്യങ്ങൾ. സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുന്ന ഈ ഷോർട്ട് വീഡിയോ, കൊവിഡ്-19 പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്നതിനൊപ്പം സിനിമാ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടും കൂടി നിർമ്മിച്ചതാണ്.
ഈ ഹ്രസ്വ ചിത്രത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. സൂപ്പർ താരങ്ങളായ രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോണാലി കുൽക്കർണി, ശിവ് രാജ്‌കുമാർ, പ്രസേൻജിത് ചാറ്റർജി തുടങ്ങിയവരെല്ലാം പ്രത്യക്ഷപ്പെടുന്ന ഈ വീഡിയോ ഒരു വീട്ടിൽ ഇവരെല്ലാം ഒരുമിച്ചിരുന്ന് ചിത്രീകരിച്ചതാണെന്നു തോന്നാം.എന്നാൽ ഓരോ താരവും വെർച്വലായി പങ്കാളികളാകുന്ന ഒരു ലഘു ചിത്രമാണിത്.
അവരവരുടെ വീട്ടിലിരുന്ന് എടുത്തയച്ച വീഡിയോയിൽ നിന്ന് ഇതിന്റെ വെർച്വൽ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രസൂൺ പാണ്ഡെയാണ്.കറുപ്പിലും വെളുപ്പിലുമാണ് ചിത്രീകരണമെന്നതിനാൽ എല്ലാം ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങളായിട്ടേ തോന്നുകയുമുള്ളു. മാത്രമല്ല താരങ്ങൾ അവരവരുടെ മാതൃഭാഷയിലാണ് സംസാരിക്കുന്നതും.
‘മേയ്ഡ് അറ്റ് ഹോം’എന്നു പേരിട്ടിട്ടുള്ള ഈ വീഡിയോ വീട്ടിൽത്തന്നെയിരിക്കുക, സാമൂഹ്യ അകലം പാലിക്കുക, നിർദ്ദേശങ്ങൾ പാലിക്കുക എന്ന സന്ദേശങ്ങളൊക്കെ മുന്നോട്ടു വയ്ക്കുന്നു. സോണി നെറ്റ് വർക്കിലാണ് ഷോർട്ട് ഫിലിമിന്റെ പ്രീമിയർ നടന്നത്.
സോണി നെറ്റ്‌വർക്കും കല്യാൺ ജൂവലേഴ്സും ചേർന്നാണ് ഈ ഷോർട്ട്ഫിലിം നിർമ്മിച്ചത്. ലോക്ക് ഡൗണിലായപ്പോൾ ബുദ്ധിമുട്ടിലായ ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനാണ് ഈ ചെറുചിത്രം ചിത്രീകരിച്ചിരിക്കുന്നതെന്നും ഇന്ത്യൻ ചലച്ചിത്ര മേഖല ഒന്നാണെന്ന സന്ദേശവും അമിതാഭ് ബച്ചൻ പറയുന്നുണ്ട്.
ലഘു ചിത്രത്തിന്റെ സ്പോൺസർമാരിൽ നിന്നും ടിവി, മറ്റ് സാമൂഹ്യമാധ്യമങ്ങൾ എന്നിവയിൽ നിന്നും ലഭിക്കുന്ന വരുമാനം ദിവസവേതനക്കാർക്ക് നൽകും. ഒടുവിൽ കണ്ണട തിരികെ കിട്ടുമ്പോൾ ലോക്ക് ഡൗൺ ആയതിനാൽ പുറത്തിറങ്ങാൻ കഴിയില്ലെന്നതിനാൽ ഇപ്പോൾ ആവശ്യമില്ലെന്നും ബച്ചൻ പറയുന്നുണ്ട്.