പാലോട്: ലോക് ഡൗൺ ദിനങ്ങൾ എങ്ങനെ തള്ളിനീക്കാമെന്ന് പലരും ചിന്തിക്കുമ്പോൾ, ചിത്രരചനയിൽ പുതുമ തീർക്കുകയാണ് ആവണി എന്ന പത്താം ക്ലാസുകാരി. പേപ്പറിൽ ചിത്രങ്ങൾ വരയ്ക്കുമായിരുന്ന ആവണി ലോക് ഡൗൺ കാലം പരീക്ഷണകാലമാക്കി മാറ്റാൻ തീരുമാനിച്ചു. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രതീക്ഷയുടെ പ്രത്യാശയുടെയും ദിനങ്ങളാണ് കടന്നുവരുന്നതെന്ന് ജനങ്ങളെ ഓർമിപ്പിക്കാൻ കൂടി തന്റെ ചിത്രരചനയിലൂടെ സാധിക്കണമെന്ന് ഈ മിടുക്കിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഉപയോഗശൂന്യമായ കുപ്പികളിൽ ഇന്ത്യയെ നെഞ്ചോടു ചേർത്തുപിടിച്ച് നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇരു കൈകൾ കൊണ്ടും കേരളത്തെ നെഞ്ചോട് ചേർക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങൾ ആവണി വരയ്ക്കുന്നത്. കുപ്പിയിൽ വരച്ച രണ്ട് ചിത്രങ്ങളും സുഹൃത്തുക്കൾക്ക് പങ്കു വച്ചതോടെയാണ് ആവണിയെ കുറിച്ച് പുറം ലോകം അറിയുന്നത്. ഒരു കുപ്പിയിൽ ചിത്രം വരയ്ക്കാൻ ഏകദേശം രണ്ട് മണിക്കൂറാണ് ആവണിക്ക് ചെലവാകുന്നത്. ഫാബ്രിക് പെയ്ന്റ് ഉപയോഗിച്ചാണ് ചിത്രരചന. കാൻവാസുകളിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും കുപ്പികളിൽ ചിത്രം വരയ്ക്കാനാണ് ഏറെ ഇഷ്ടമെന്ന് ചിത്രകാരി പറയുന്നു. ഉപയോഗശൂന്യമായ കുപ്പിയോ പ്ലാസ്റ്റിക് പാത്രങ്ങളോ കിട്ടായാൽ മണിക്കൂറുകൾക്കകം അതിൽ ഛായക്കൂട്ടുകൾ കൊണ്ട് ആവണി വിസ്മയമൊരുക്കും. നന്ദിയോട് കള്ളിപ്പാറ ദീപത്തിൽ ബിജുവിന്റേയും ദീപയുടെയും രണ്ടു മക്കളിൽ മൂത്ത മകളാണ് ആവണി. അനുജത്തി അഷ്ടമിയും ചെറുതായി ചിത്രം വരയ്ക്കും. ഈ ലോക്ക് ഡൗൺ കാലത്ത് നൂറോളം ചിത്രങ്ങളാണ് ഈ മിടുക്കി വരച്ചത്. പരീക്ഷകൾ ബാക്കിയുള്ളപ്പോഴും തന്റെ ചെറിയ പ്രയത്നത്തിലൂടെ സാധാരണക്കാരുടെ മനസിൽ നിന്ന് കോവിഡ് ഭീതിയകറ്റി പ്രതീക്ഷ പകരാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഈ കൊച്ചുകലാകാരി.