കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ ഏക്കാലത്തെയും ഉയരത്തിലെത്തി. ഇന്നലെ ഒറ്റദിവസം പവന് 800 രൂപ ഉയർന്ന് വില 32,800 രൂപയായി. ഗ്രാം വില 100 രൂപ വർദ്ധിച്ച് 4,100 രൂപയിലെത്തി. മാർച്ച് ആറിലെ റെക്കാഡാണ് ചരിത്രമായത്. അന്ന്, ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്ക് സ്വീകാര്യത ഏറിയതും ഡോളറിനെതിരെ ഇന്നലെ രാവിലെ രൂപയുടെ മൂല്യം 76ലേക്ക് ഇടിഞ്ഞതുമാണ് സ്വർണവില കൂടാൻ കാരണം. ലോകത്തെ ഏറ്രവും വലിയ സ്വർണ ഇ.ടി.എഫ് ആയ എസ്.പി.ഡി.ആർ ഗോൾഡ് ട്രസ്‌റ്രിലെ നിക്ഷേപം ഇന്നലെ അഞ്ചു ശതമാനം വർദ്ധിച്ച് 984.26 ടണ്ണിലെത്തിയിരുന്നു.
ഇതോടെ, രാജ്യാന്തര സ്വർണവില ഔൺസിന് 1,671.40 ഡോളർ വരെ ഉയർന്നു. വരുംദിനങ്ങളിൽ സ്വർണവില ചാഞ്ചാടാനാണ് സാദ്ധ്യത. കാരണം, രൂപയുടെ മൂല്യം ഇന്നലെ വൈകിട്ട് 75ലേക്ക് മെച്ചപ്പെട്ടു. രാജ്യാന്തര സ്വർണവില 1,657 ഡോളറിലേക്ക് കുറഞ്ഞിട്ടുമുണ്ട്.