trump

വാഷിംഗ്‌ടൺ / ന്യൂഡൽഹി: കൊവിഡ് ചികിത്സയ്‌ക്ക് അമേരിക്ക ആവശ്യപ്പെട്ട മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ പിൻവലിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം മരുന്നിന്റെ കയറ്റുമതി നിരോധനം പിൻവലിച്ച ഇന്ത്യ,രോഗം ഏറ്റവും മോശമായി ബാധിച്ച​ രാജ്യങ്ങൾക്ക് മരുന്ന് നൽകുമെന്ന് ഇന്നലെ വ്യക്തമാക്കി. ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

‘മഹാമാരിയുടെ പശ്ചാത്തലത്തിൽ‌ മാനുഷികതലം പരിഗണിച്ച്, പാരസെറ്റമോളും ഹൈഡ്രോക്സി ക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കു ആവശ്യത്തിന് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അവശ്യ മരുന്നുകളായ ഇവ കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങൾക്കും നൽകും. ഈ പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതിനെയും ഇതുമായി ബന്ധപ്പെട്ട് ഗൂഢസിദ്ധാന്തം ചമയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല.’– വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മരുന്നിന്റെ കയറ്റുമതി ഇന്ത്യ കഴിഞ്ഞയാഴ്ച നിറുത്തിവച്ചിരുന്നു.

‘ഇന്ത്യയും അമേരിക്കയും തമ്മിൽ നല്ല ബന്ധമാണ്. മരുന്നിന്റെ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം ഞാൻ ഇഷ്ടപ്പെടുന്നില്ല. അത് അദ്ദേഹത്തിന്റെ (നരേന്ദ്ര മോദി)​ തീരുമാനമാണെന്നു കേൾക്കാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം അങ്ങനെ ചെയ്യുമെങ്കിൽ അതെന്നെ അദ്ഭുതപ്പെടുത്തുന്നു. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അദ്ദേഹം തടഞ്ഞതിനെ മനസിലാക്കാം. ഞങ്ങൾ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഞങ്ങൾക്ക് മരുന്ന് തരാൻ അദ്ദേഹം അനുവദിക്കുമെങ്കിൽ അഭിനന്ദിക്കുന്നു. മറിച്ചാണ് തീരുമാനമെങ്കിൽ പ്രശ്നമില്ല, പക്ഷേ തീർച്ചയായും തിരിച്ചടി ഉണ്ടാകും" ട്രംപ് ഇന്നലെ പറഞ്ഞത് ഇങ്ങനെയാണ്.

ഈ മരുന്നിന്റെ കാര്യത്തിൽ അമേരിക്കയ്‌ക്ക് ഇളവ് നൽകണമെന്നും മരുന്ന് അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം മോദിയെ ഫോണിൽ വിളിച്ച് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ അനുകൂലമായി പ്രതികരിക്കാതിരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ട്രംപിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് മലേറിയ മരുന്നിന്റെ കയറ്റുമതി വിലക്ക് ഇന്ത്യ പിൻവലിച്ചതെന്ന് സൂചനയുണ്ട്. ഇതുൾപ്പെടെ 14 മരുന്നുകളുടെ കയറ്റുമതി നിരോധനം പിൻവലിച്ചിട്ടുണ്ട്. ശ്രീലങ്കയും നേപ്പാളും ഉൾപ്പെടെ പല രാജ്യങ്ങളും മലേറിയ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മോദിയുമായി വളരെ അടുത്ത ബന്ധമാണ് ട്രംപിനുള്ളത്. ഇത് തകരാൻ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം ഡോളർ കഴിഞ്ഞയാഴ്‌ച ട്രംപ് അനുവദിച്ചിരുന്നു.

അമേരിക്കയിൽ മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ള ന്യൂയോർക്കിന് പുറമേ മിഷിഗൺ,​ ടെക്‌സസ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലും ഈ മരുന്ന് രോഗികൾക്ക് നൽകുന്നുണ്ട്.